
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പക്ഷാഘാതത്തിന്റെ തുടക്കമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പക്ഷാഘാതം പലതവണ വന്നു പോയെന്നും ഇടതുവശത്തിന് ബലക്കുറവുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമ കേസില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി റിമാന്‍ഡ് ചെയ്തത്.
അതേസമയം രാഹുല്‍ നല്‍കിയ ജാമ്യഹര്‍ജി കോടതി തള്ളുകയായിരുന്നു. 14 ദിവസത്തേക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അക്രമത്തില്‍ പരിക്കേറ്റ രാഹുലിന്റെ തലയ്ക്ക് പിന്നില്‍ രക്തം കട്ടപിടിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാഹുലിനെ രണ്ടു ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും പ്രതിഭാഗം അഭിഭാഷകന്‍ മൃദുല്‍ ജോണ്‍ മാത്യു കോടതിയെ അറിയിച്ചിരുന്നു. രാഹുലിന് പക്ഷാഘാത സാധ്യത കണ്ടെത്തിയതിനാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് സോപാധിക ജാമ്യം അനുവദിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു.
ഇതിനായി മെഡിക്കല്‍ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് രാഹുലിനെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി നിര്‍ദേശിച്ചത്. അതേസമയം ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയില്‍ ഗുരുതര പ്രശ്നങ്ങളൊന്നുമില്ലെന്നും സ്വകാര്യ ആശുപത്രി നല്‍കുന്ന മരുന്നുകള്‍ തുടര്‍ന്നും കഴിച്ചാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ജാമ്യത്തിനുള്ള എല്ലാ വഴികളും അടയുകയായിരുന്നു.