ന്യൂഡല്‍ഹി: മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മൂന്നുലക്ഷത്തിലധികം ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വോട്ടര്‍മാര്‍ സമ്മാനിച്ചത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഉജ്ജ്വല വിജയത്തിലേക്ക് കുതിക്കുന്ന രാഹുല്‍ ഗാന്ധിക്ക് നിലവില്‍ ഉത്തര്‍പ്രദേശില്‍ ഏറ്റവും ഉയര്‍ന്ന വിജയമാര്‍ജിനാണുള്ളത്. അടുത്ത എതിരാളിയായ ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങിനെക്കാള്‍ നാലു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ വിജയത്തിലേക്കെത്തിക്കുന്നത്. വയനാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. മൂന്നുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുല്‍ ഇതിനോടകം നേടിയിട്ടുള്ളത്. വയനാട്ടില്‍ അടുത്ത എതിരാളിയായ സിപിഎമ്മിലെ ആനി രാജയെക്കാള്‍ 3 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് രാഹുല്‍.
മോദിയുടെ ഇരട്ടി ഭൂരിപക്ഷം രാഹുലിന്
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ തന്റെ അടുത്ത എതിരാളിയായ കോണ്‍ഗ്രസിന്റെ അജയ് റായിക്കെതിരെ 1.4 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുമ്പോഴും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ രാഹുല്‍ തന്നെയാണ് മുന്നിലെന്ന് പറയാതെ വയ്യ. രാഹുല്‍ റായ്ബറേലിയില്‍ നേടിയതിന്റെ പകുതി ഭൂരിപക്ഷം പോലും മോദിക്ക് നേടാനായില്ല എന്നതും ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഉറപ്പാണ്. ജാതിയുടേയും മതത്തിന്റെയും മുസ്ലീം വിരുദ്ധതയുടേയും മൂടുപടങ്ങള്‍ ഏറെയുണ്ടായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണ വഴികളില്‍. പലവഴികളിലൂടെ വോട്ടുപിടിക്കാന്‍ മോദി ശ്രമിച്ചപ്പോഴും കഴിഞ്ഞ തിരഞ്ഞെടുപ്പിലേതുപോലെ ഭൂരിപക്ഷം കൂട്ടാനും മോദിക്കായില്ല. 2019 ല്‍ വാരണാസിയില്‍ മോദി നേടിയത് ആകെ 6,74,664 വോട്ടുകളായിരുന്നു. അതില്‍ തൊട്ടടുത്ത എതിരാളിയേക്കാള്‍ 4.79 ലക്ഷത്തിന്റെ ഭൂരിപക്ഷവും മോദിക്ക് കരുത്തായിരുന്നു. എന്നാല്‍ ഇക്കുറി ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മോദി വിയര്‍ക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ സീറ്റില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയത്തിലേക്ക് തന്നെയാണ് കുതിക്കുന്നത്. പക്ഷേ, ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് മോദിയുടെ 1,39,029 വോട്ടുകളുടെ ഭൂരിപക്ഷമാണ്. മോദിക്ക് ഇതുവരെ 5,17,370 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത എതിരാളിയായ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിക്ക് 3,78,341 വോട്ടുകള്‍ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.
റായ്ബറേലിയില്‍ സോണിയയുടെ ഭൂരിപക്ഷം മറികടന്ന് രാഹുല്‍
2004 മുതല്‍ റായ്ബറേലി സീറ്റ് കൈവശം വച്ചിരുന്ന സോണിയ ഗാന്ധി 2019-ല്‍ ദിനേശ് പ്രതാപ് സിങ്ങിനെതിരെ 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും രാജ്യസഭയിലേക്ക് മാറുകയും ചെയ്തതിന് ശേഷം രാഹുല്‍ ഗാന്ധി അമ്മയ്ക്ക് പകരക്കാരനായി റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. സോണിയയെക്കാള്‍ ഭൂരിപക്ഷം നല്‍കിയാണ് റായ്ബറേലി രാഹുലിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.
2004 മുതല്‍ 2019 വരെ അമേഠി ലോക്സഭാ സീറ്റിനെയാണ് രാഹുല്‍ ഗാന്ധി പ്രതിനിധീകരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടെങ്കിലും കേരളത്തില്‍ നിന്നും അദ്ദേഹം വിജയിക്കുകയായിരുന്നു.