ദേ പിന്നേം വമ്പൻ സർപ്രൈസ്, ആലപ്പുഴയിൽ കെസിയല്ല! രാഹുൽ മാങ്കൂട്ടത്തിലിന് സാധ്യത

ദില്ലി: പദ്മജ വേണുഗോപാലിന്‍റെ ബി ജെ പി പ്രവേശത്തോടെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ തുടങ്ങിയ സർപ്രൈസുകൾ തുടരുന്നു. വടകരയിൽ നിന്ന് മുരളിധരൻ തൃശൂരിലും ഷാഫി പറമ്പിൽ വടകരയിലിറങ്ങുമെന്നുമുള്ള സർപ്രൈസുകൾക്ക് ശേഷം ഇപ്പോൾ ആലപ്പുഴയിൽ നിന്നാണ് സർപ്രൈസ് വാർത്ത വരുന്നത്. ആലപ്പുഴ സീറ്റിൽ കെ സി വേണുഗോപാലിന്‍റെ പേരിനാണ് ഇന്നലെ പച്ചക്കൊടി ഉയർന്നതെങ്കിൽ ഇന്നിപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനാണ് സാധ്യതയെന്ന വിവരമാണ് പുറത്തുവരുന്നത്. ആദ്യം മുതലേ മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ച കെ സി ഇപ്പോഴും കളത്തിലിറങ്ങാൻ മടികാട്ടുകയാണ്. ഇതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പേര് സർപ്രൈസ് എൻട്രിയായത്.

ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വം എ ഐ സി സി വീണ്ടും വിലയിരുത്തുകയാണെന്ന് വ്യക്തമായിട്ടുണ്ട്. രാഹുൽ ഗാന്ധിയും, കെ സി വേണുഗോപാലും ഒരു സംസ്ഥാനത്ത് മത്സരിക്കണോ എന്ന കാര്യത്തിലും എ ഐ സി സിയിൽ ചർച്ച പുരോഗമിക്കുന്നുണ്ട്. കെ സി ഇല്ലെങ്കിൽ ആലപ്പുഴയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ഇറക്കാം എന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

അതേസമയം മറ്റ് സീറ്റുകളിലെല്ലാം ഇന്നലെത്തെ ധാരണ തുടരുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി, കണ്ണൂരിൽ കെ സുധാകരൻ. വടകരയിൽ ഷാഫി, തൃശൂരിൽ മുരളീധരനും കളത്തിലെത്തും, തിരുവനന്തപുരത്ത്‌ ശശി തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, പത്തനംതിട്ടയിൽ ആന്റോ ആന്റണി, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡൻ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ചാലക്കുടിയിൽ ബെന്നി ബഹനാൻ, പാലക്കാട് വി കെ ശ്രീകണ്ഠൻ, ആലത്തൂരിൽ രമ്യ ഹരിദാസ്, കോഴിക്കോട് എം കെ രാഘവൻ, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എന്നീ സിറ്റിംഗ് എംപിമാർ വീണ്ടും മത്സരിക്കും. ആലപ്പുഴയുടെ കാര്യത്തിൽ കൂടി അന്തിമ തീരുമാനമായാൽ ഇന്ന് തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

Rahul mamkootathil may be the congress candidate in alappuzha lok sabha polls 2024

More Stories from this section

family-dental
witywide