തിരുവനന്തപുരം: പാലക്കാട് ഉപ തിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയിൽ നിന്നും ആശ്വാസ വിധി. എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിൽ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ഇളവ് നൽകി. ഉപ തിരഞ്ഞെടുപ്പ് കഴിയും വരെ സ്റ്റേഷനിൽ ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെയുള്ള പൊലീസിന്‍റെ വാദം കോടതി തള്ളി.
തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ രാഹുൽ തിങ്കളാഴ്ചകളിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന് ഉത്തരവിട്ടത്. പൊലീസ് രാഷ്ട്രീയം കളിക്കുന്നുവെന്നും പ്രചാരണരംഗത്ത് നിന്ന് മാറ്റിനിർത്താനാണ് ശ്രമമെന്നും ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന പൊലീസിന്റെ നിലപാടിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നേരത്തേ പ്രതികരിച്ചിരുന്നു.