ആ സസ്‌പെന്‍സ് ഇന്ന് തീരും, റായ്ബറേലിക്കായി രാഹുലിനുമേല്‍ സമ്മര്‍ദ്ദം, പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം ഇന്ന്

ന്യൂഡല്‍ഹി: വലിയ സസ്‌പെന്‍സില്‍ നിര്‍ത്തിയിരുന്ന അമേഠി , റായ്ബറേലി സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ആരൊക്കെ എത്തുമെന്ന് ഇന്നറിയാം. രാഹുല്‍ ഗാന്ധിയുടെ കുടുംബ കോട്ടയായ റായ്ബറേലിയില്‍ത്തന്നെ രാഹുല്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മ സോണിയ ഗാന്ധി അടുത്തിടെ ഒഴിഞ്ഞ സീറ്റിലേക്ക് മത്സരിക്കാന്‍ രാഹുലിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. അതേസമയം, മുതിര്‍ന്ന നേതാവും ദീര്‍ഘകാല ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ കെ.എല്‍ ശര്‍മ്മയെ പാര്‍ട്ടി അമേഠിയില്‍ നിന്ന് മത്സരിപ്പിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ രണ്ട് വിഐപി സീറ്റുകളുടെ കാര്യത്തില്‍ വ്യാഴാഴ്ച രാത്രിയും ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ പാര്‍ട്ടി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

വ്യാഴാഴ്ച വൈകുന്നേരം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍, രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദ്ദേശിച്ചെങ്കിലും അന്തിമ തീരുമാനം അവര്‍ക്ക് വിട്ടിരിക്കുകയാണ്. അതേസമയം, ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മത്സരിക്കില്ലെന്ന തീരുമാനത്തില്‍ പ്രിയങ്ക ഗാന്ധി വദ്ര ഉറച്ചുനില്‍ക്കുന്നതായാണ് വിവരം. രാഹുലും പ്രിയങ്കയും അമ്മ സോണിയയും പാര്‍ലമെന്റിലെത്തിയാല്‍ അത് രാജവംശ രാഷ്ട്രീയത്തെക്കുറിച്ചുള്ള ബിജെപി ആരോപണത്തെ ശക്തിപ്പെടുത്തുമെന്നാണ് പ്രിയങ്കയുടെ നിലപാട്. എന്നാല്‍, മത്സരിക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അതിന്റെ അനന്തരഫലങ്ങള്‍ ഉത്തര്‍പ്രദേശില്‍ മാത്രമല്ല രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും അനുഭവപ്പെടുമെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടതായി വൃത്തങ്ങള്‍ പറഞ്ഞു. 2019ല്‍ ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റിരുന്നു, ഇത്തവണ അത് തിരിച്ചുപിടിക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്ന് തുടക്കം മുതലേ അഭ്യൂഹങ്ങളുണ്ടായിരുന്നു. നിലവില്‍ താന്‍ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന വയനാട്ടില്‍ നിന്നാണ് ഗാന്ധി മത്സരിച്ചത്.

അമേഠിയുടെയും റായ്ബറേലിയുടെയും സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ തീരുമാനം ആഴ്ചകളായി കോണ്‍ഗ്രസ് വൈകിപ്പിക്കുകയാണ്. സസ്പെന്‍സ് വര്‍ധിച്ചപ്പോള്‍, ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമേഠിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അഞ്ചാം ഘട്ടമായ മെയ് 20നാണ് രണ്ട് സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ്.

More Stories from this section

family-dental
witywide