ന്യൂഡൽഹി: രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള എല്ലാ ഗുണങ്ങളുമുണ്ടെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദ. പിതാവ് രാജീവ് ഗാന്ധിയെക്കാള്‍ ബുദ്ധിശാലിയും തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിവുള്ളയാളുമാണ് രാഹുല്‍. എന്നാല്‍ ഇരുവരും ഇന്ത്യ എന്ന ആശയത്തിന്റെയും ജനാധിപത്യത്തിന്റെയും കാവലാളായാണ് പ്രവര്‍ത്തിച്ചതെന്നും സാം പിത്രോദ പറഞ്ഞു.
രാഹുല്‍ ആലോചിച്ച് തീരുമാനങ്ങളെടുക്കും. രാജീവ് പെട്ടെന്ന് കാര്യങ്ങള്‍ നടപ്പാക്കും. ജനങ്ങളുടെ ഭാവിയെക്കുറിച്ച് ഒരുപോലെ ആശങ്കപ്പെടുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ ഇരുവര്‍ക്കും ഒരേ മനസ്സായിരുന്നുവെന്നും പിത്രോദ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഈമാസം 8 മുതല്‍ 10 വരെ അമേരിക്കയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശങ്ങള്‍.
രാഹുല്‍ ഗാന്ധി വിദേശത്തുപോയി ഇന്ത്യയെ വിമര്‍ശിക്കുന്നുവെന്ന ബിജെപി ആരോപണം പിത്രോദ തള്ളി. ആശയവിനിമയത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ സ്വദേശമോ വിദേശമോ എന്ന വേര്‍തിരിവില്ല. എവിടെയിരുന്നു പറഞ്ഞാലും ലോകം മുഴുവന്‍ തല്‍സമയം കേള്‍ക്കും. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ രാജ്യത്തിനെതിരായ വിമര്‍ശനമായി വ്യാഖ്യാനിക്കുന്ന രീതി വിലപ്പോവില്ല. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.