‘മോദിജിക്ക് നന്ദി’; വയനാട് സന്ദർശിക്കുന്ന പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ നടന്ന പ്രദേശങ്ങൾ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വായനാട്ടിലെ അപകടത്തെ ദേശീയ ദുരന്തമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമെന്ന് വിശ്വസിക്കുന്നതായി രാഹുൽ​ഗാന്ധി എക്സിൽ കുറിച്ചു.

“ഭയാനകമായ ദുരന്തം നേരിട്ട് കണ്ടറിയാൻ വയനാട് സന്ദർശിക്കുന്നതിന് നന്ദി മോദി ജി, ഇതൊരു മികച്ച തീരുമാനമാണ്. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ടറിയുമ്പോൾ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് ഉറപ്പുണ്ട്,” രാഹുൽ​ഗാന്ധി കുറിച്ചു.

രാവിലെ 11.30യോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ആദ്യം ദുരന്ത ബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ ഇരുന്ന് നിരീക്ഷിക്കും.

ഉച്ചയ്ക്ക് 12.10വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തും.12.15 മുതൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി റോഡ് മാർഗം ചൂരൽമലയിലെത്തുമെന്നാണ് അറിയുന്നത്. ബെയിലി പാലത്തിലൂടെയായിരിക്കും അദ്ദേഹത്തിന്റെ യാത്ര.