പ്രിയങ്കയും സോണിയയും സാക്ഷി; ഭരണഘടന ഉയര്‍ത്തി പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് രാഹുല്‍

ന്യൂഡല്‍ഹി: ഭരണഘടന ഉയര്‍ത്തി പിടിച്ച് ലോക്‌സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭരണപക്ഷത്തിന്റെ ഭാഗത്തേക്ക് ഭരണഘടന ഉയര്‍ത്തി കാട്ടി ചേംബറിലേക്ക് കയറിയ രാഹുലിനെ മുദ്രാവാക്യങ്ങളോടെയും നിറഞ്ഞ കയ്യടികളോടെയുമാണ് പ്രതിപക്ഷം സ്വീകരിച്ചത്.

ദൃഢപ്രതിജ്ഞ ചെയ്താണ് രാഹുല്‍ സത്യവാചകം ചൊല്ലിയത്. രാഹുല്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ അമ്മ സോണിയ ഗാന്ധിയും, സഹോദരി പ്രിയങ്ക ഗാന്ധിയും ലോക്‌സഭയില്‍ എത്തിയിരുന്നു.

ഇംഗ്ലീഷിലാണ് രാഹുല്‍ സത്യവാചകം ചൊല്ലിയത്. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയപ്പോള്‍, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും എതിര്‍ ശബ്ദമായി.

വയനാട്, റായ്ബറേലി എന്നീ രണ്ട് സീറ്റുകളില്‍ നിന്നും രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ വയനാടിന് തന്റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയെ നല്‍കി, റായ്ബറേലി നിലനിര്‍ത്തുകയായിരുന്നു രാഹുല്‍.

‘ഭരണഘടനയെ ആക്രമിക്കാന്‍’ പ്രതിപക്ഷം സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തില്‍ രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide