മുഖംമൂടിക്കുള്ളില്‍ ‘മോദിയും അദാനി’യും, ചോദ്യങ്ങള്‍ക്കൊണ്ടുമൂടി രാഹുല്‍; രാഹുല്‍ ഗാന്ധി സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനെന്ന് ബിജെപി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗൗതം അദാനിയുടെയും മുഖംമൂടി ധരിച്ച രണ്ട് കോണ്‍ഗ്രസ് എംപിമാരെ അഭിമുഖം നടത്തി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

കാണ്‍ഗ്രസ് എംപിമാരായ മാണിക്കം ടാഗോര്‍ അദാനിയുടെ മുഖംമൂടി ധരിച്ചപ്പോള്‍, ശിവാജിറാവു അധല്‍റാവു പാട്ടീല്‍ മോദിയുടെ മുഖംമൂടി ധരിച്ചിരുന്നു. ഇതിന്റെ രസകരമായ വീഡിയോ കോണ്‍ഗ്രസ് തന്നെയാണ് ഓണ്‍ലൈനില്‍ പങ്കിട്ടത്. കൗതുകകരമായ അഭിമുഖത്തിന്റെ വീഡിയോ വൈറലാകുകയും ചെയ്തിട്ടുണ്ട്.

‘ഞാനെന്തു പറഞ്ഞാലും ഇദ്ദേഹം അത് ചെയ്യും, വിമാനത്താവളം, തുറമുഖം അങ്ങനെയെന്തും ഇദ്ദേഹം എനിക്ക് തരും’ അദാനിയായ മാണിക്കം ടഗോര്‍ മോദിയുടെ മുഖംമൂടിയണിഞ്ഞ കല്‍ഗെയെ ചൂണ്ടി ഇത് പറഞ്ഞപ്പോള്‍ ചുറ്റും കൂടിയവരിലും ചിരി പടര്‍ന്നു. ‘നിങ്ങള്‍ അടുത്തതായി എന്താണ് ആവശ്യപ്പെടുന്നത്?’ എന്ന് അപ്പോള്‍ ഗാന്ധി ചോദിക്കുന്നു, ഇതിന് മറുപടിയായി ‘ഞങ്ങള്‍ക്ക് വൈകുന്നേരം ഒരു മീറ്റിംഗ് ഉണ്ട് അതില്‍ തീരുമാനം എടുക്കുമെന്നായി ‘അദാനി’.

രാഹുല്‍ ഗാന്ധി പിന്നീട് ടാഗോറിനോട് അവരുടെ ബന്ധത്തെക്കുറിച്ച് ചോദിക്കുന്നു, ടാഗോര്‍ പറഞ്ഞു, ”ഞങ്ങള്‍ ഒരുപോലെയാണ്. ഞങ്ങള്‍ എല്ലാം ഒരുമിച്ച് ചെയ്യും… വര്‍ഷങ്ങളായി ഞങ്ങള്‍ ഒരുമിച്ചാണ്.’ മോദി മുഖംമൂടി ധരിച്ചിരിക്കുന്ന പാട്ടീലിനെ ചൂണ്ടിക്കാണിച്ച് ഈ ദിവസങ്ങളില്‍ അധികം സംസാരിക്കുന്നില്ലെന്ന് രാഹുല്‍ പരിഹസിക്കുമ്പോള്‍ അദ്ദേഹത്തിന് അല്‍പം ടെന്‍ഷന്‍ ആണെന്നായിരുന്നു മാണിക്കത്തിന്റെ മറുപടി. ഇത് ചുറ്റും കൂടിയ മറ്റ് പ്രതിപക്ഷ എംപിമാരിലും ചിരി പടര്‍ത്തി.

ടഗോറും പാട്ടീലും യഥാക്രമം തമിഴ്നാട്ടില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള കോണ്‍ഗ്രസ് എംപിമാരാണ്. ഗൗതം അദാനിക്കെതിരായ യുഎസ് ആരോപണങ്ങളില്‍ പാര്‍ലമെന്റ് ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ട് പാര്‍ലമെന്റ് സമുച്ചയത്തിലെ മകര്‍ ദ്വാരില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ഈ രസകരമായ അഭിമുഖം നടന്നത്.

അതേസമയം, രാഹുല്‍ ഗാന്ധിയെ കോമഡി കിങ് എന്ന് വിളിച്ചാണ് ഈ സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി ഏറ്റവും നന്നായി ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പ് കോമഡിയില്‍ മുഴുകുകയാണ്. തെറ്റായ പ്രചാരണങ്ങള്‍ ഇന്ത്യയിലെ ജനങ്ങളില്‍ നിറയ്ക്കുന്നതില്‍ പരാജയപ്പെട്ടിട്ടും രാഹുല്‍ വീണ്ടും തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി എക്‌സിലൂടെ പ്രതികരിച്ചു.

More Stories from this section

family-dental
witywide