തിരുവനന്തപുരം: റെയിൽവേ പുതുതായി കൊണ്ടുവരുന്ന സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന് ലഭിച്ചേക്കുമെന്ന് സൂചന. കൊച്ചുവേളി- ബെംഗളൂരു, ശ്രീനഗർ- കന്യാകുമാരി എന്നീ സർവീസുകളാണ് കേരളത്തിന് ലഭിക്കാൻ സാധ്‌യത. വിഷയം റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശ്രീനഗറിലേക്കുള്ള ട്രെയിൻ കന്യാകുമാരിയിൽ നിന്ന് കൊങ്കൺ വഴിയാകും സർവീസ് നടത്തുക. ആഴ്ചയിൽ മൂന്നുദിവസമാകും സർവീസ്. സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണം ഫാക്ടറിയിൽ പുരോഗമിക്കുകയാണ്. ഓഗസ്റ്റിൽ ട്രയൽ റൺ ഉണ്ടാകും. ഡിസംബറോടെ പത്ത് ട്രെയിനുകളുടെ നിർമാണം പൂർത്തിയാവും. ആദ്യ ട്രെയിനുകൾ പുറത്തുവരുന്നതോടെ തന്നെ കേരളത്തിൽ നിന്നുള്ള സർവീസുകൾ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വന്ദേഭാരത് ട്രെയിനുകൾക്ക് കേരളത്തിൽ മികച്ച വരുമാനമാണ് ലഭിക്കുന്നത്. രാജധാനി ട്രെയിനുകളുടെ മാതൃകയിൽ പൂർണമായും എയർ കണ്ടീഷൻ ചെയ്ത കോച്ചുകളായിരിക്കും സ്ലീപ്പർ ട്രെയിനുകളിൽ ഉണ്ടാവുക. സുരക്ഷയുടെയും സൗകര്യങ്ങളുടെയും കാര്യത്തിലും മുന്നിട്ട് നിൽക്കും. ഇന്ത്യൻ റെയിൽവെയുടെ തലവര മാറ്റിയ ട്രെയിനുകളാണ് വന്ദേഭാരത് എക്സ്പ്രസ്.
railway to provide two vande Bharat sleeper trains for kerala