
മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലിഖാന്‍ കിടന്ന താഴത്തെ ബര്‍ത്തിലേക്ക് മധ്യഭാഗത്തെ ബര്‍ത്ത് പൊട്ടിവീഴുകയായിരുന്നു. എന്നാല്‍
ബെര്‍ത്തിന്റെ ചങ്ങല ശരിയായി ഇടാതെ ഇരുന്നതാണ് അപകടകാരണമെന്നും ബെര്‍ത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും റെയില്‍വേ വ്യക്തമാക്കി.
ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. റയില്‍വേ അധികൃതര്‍ വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 62 കാരനായ അലിഖാന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
എസ് 6 കോച്ചിലെ 57-ാം നമ്പര്‍ ലോവര്‍ ബെര്‍ത്തിലായിരുന്നു അലിഖാന്‍ യാത്ര ചെയ്തത്. മുകളിലെ യാത്രക്കാരന്‍ ബെര്‍ത്തിന്റെ ചങ്ങല ശരിയായ രീതിയില്‍ ഇട്ടിരുന്നില്ല. ഇതോടെ മധ്യഭാഗത്തെ ബര്‍ത്ത് പൊട്ടി വീണാണ് അപകടമുണ്ടായതെന്നും സീറ്റ് നിസ്സാമുദ്ദീന്‍ സ്റ്റേഷനില്‍ വച്ച് പരിശോധിച്ചതായും റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.