മലയോര മേഖലയില്‍ ശക്തമായ മഴ; ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലയില്‍ മഴ ശക്തമായി തുടരുന്നു. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ പലയിടങ്ങളിലും മഴ ശക്തിപ്രാപിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, മണ്ണിടിച്ചില്‍ മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കണ്ണൂര്‍ മട്ടന്നൂര്‍ മേഖലയില്‍ കനത്ത മഴയില്‍ വീടുകളിലേക്ക് വെളളം കയറി. വിമാനത്താവളത്തില്‍ നിന്നും വെളളം കുത്തിയൊഴുകിയാണ് കല്ലേരിക്കരയിലെ വീടുകളിലേക്ക് എത്തിയത്. ഒരു മണിക്കൂറിനിടെ 92 മില്ലി മീറ്റര്‍ മഴയാണ് വിമാനത്താവള മേഖലയില്‍ പെയ്തത്.

വയനാട്ടില്‍ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരുംവെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

More Stories from this section

family-dental
witywide