മുംബൈയിൽ ശക്തമായ മഴ, നാളെ റെഡ് അലേർട്ട്; ആളുകൾ വീടിനുള്ളി തുടരണമെന്ന് നിർദേശം

മുംബൈ: നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് മുംബൈ നിവാസികളോട് നാളെ രാവിലെ 8.30 വരെ വീടിനുള്ളിൽ കഴിയാൻ പൊലീസ് ആവശ്യപ്പെട്ടു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസിൻ്റെ നിർദേശം.

“ഐഎംഡി നാളെ രാവിലെ 8.30 വരെ മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മുംബൈ നിവാസികളോടും വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിക്കുന്നു. ദയവായി സുരക്ഷിതരായിരിക്കുക. അടിയന്തര സാഹചര്യങ്ങളിൽ 100, 112 ഡയൽ ചെയ്യുക,” മുംബൈ പൊലീസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

കനത്ത മഴയെ തുടർന്ന് ഇന്ന് മുംബൈയിൽ നിന്ന് 11 വിമാനങ്ങൾ റദ്ദാക്കുകയും 10 വിമാനങ്ങൾ സമീപത്തെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.

ഇന്ന് രാവിലെ 8.30 വരെ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ മഴ മുംബൈ നഗരത്തിൽ 44 മില്ലീമീറ്ററും കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 90 മില്ലീമീറ്ററും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 89 മില്ലീമീറ്ററുമാണ്.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സ്ഥിതിഗതികൾ വിലയിരുത്തുകയും റായ്ഗഡ് കളക്ടറെ വിളിച്ച് പ്രളയബാധിതരായ എല്ലാവർക്കും ആവശ്യമായ സഹായങ്ങൾ നൽകാൻ നിർദേശം നൽകുകയും ചെയ്തു.

മണ്ണിടിച്ചിലിനെ തുടർന്ന് റായ്ഗഡ്-പുണെ റൂട്ടിൽ തംഹിനി ഘട്ടിൽ ഗതാഗതം നിലച്ചു.

പൂനെയിലെ റോഡുകളിലും ആളുകളുടെ വീടുകളിലും വെള്ളമുണ്ട്. ഖഡക്വാസ്ല അണക്കെട്ടിലും വൃഷ്ടിപ്രദേശത്തും കനത്ത മഴയുണ്ട്. ജില്ലാ കളക്ടർ, മുനിസിപ്പൽ കമ്മീഷണർ, പൊലീസ് കമ്മീഷണർ എന്നിവർ ജാഗ്രതയിലാണ്,” ഷിൻഡെ പറഞ്ഞു.

More Stories from this section

family-dental
witywide