ഇന്ത്യന്‍ വംശജന്‍ രാജാ കൃഷ്ണമൂർത്തി വീണ്ടും യുഎസ് ജനപ്രതിനിധി സഭയിലേക്ക്

വീണ്ടും യുഎസ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി. ഷിക്കാഗോയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളും ചുറ്റുമുള്ള പ്രാന്തപ്രദേശങ്ങളും ഉള്‍പ്പെടുന്ന ഇല്ലിനോയിയുടെ എട്ടാമത്തെ കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ചാണ് ഇന്ത്യന്‍-അമേരിക്കക്കാരനായ രാജാ കൃഷ്ണമൂര്‍ത്തി യുഎസ് ഹൗസിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നില്‍, ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന നിര്‍ണായക സ്വിംഗ് സ്റ്റേറ്റുകളില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനുവേണ്ടി ഇദ്ദേഹം സജീവമായി രംഗത്തിറങ്ങിയിരുന്നു.

2016-ല്‍ ഇല്ലിനോയിയുടെ എട്ടാമത്തെ ജില്ലയെ പ്രതിനിധീകരിക്കാന്‍ ഡെമോക്രാറ്റായ രാജാ കൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു. ചിക്കാഗോയുടെ പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളുടെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിസ്ട്രിക്ടാണിത്. അഞ്ചാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

1973 ല്‍ ഡല്‍ഹിയിലാണ് രാജാ കൃഷ്ണമൂര്‍ത്തിയുടെ ജനനം. മൂന്നുമാസം പ്രായമുള്ളപ്പോള്‍ ഇദ്ദേഹത്തിന്റെ കുടുംബം ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റി. 1980 മുതല്‍ ഇല്ലിനോയിയിലെ പിയോറിയയില്‍ വളര്‍ന്ന കൃഷ്ണമൂര്‍ത്തി, യുഎസ് കോണ്‍ഗ്രസിലെ ഏതെങ്കിലും മുഴുവന്‍ കമ്മിറ്റിയുടെയും റാങ്കിംഗ് അംഗമോ ചെയര്‍മോ ആയ ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍ അല്ലെങ്കില്‍ ദക്ഷിണേഷ്യന്‍ വംശജനായ വ്യക്തിയാണ്.