“4 ബീഗങ്ങളും, 36 കുട്ടികളും, അതു പറ്റില്ല”; ജനസംഖ്യാ നിയന്ത്രണ നിയമം വേണമെന്ന് രാജസ്ഥാന്‍ ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: ജനസംഖ്യാ നിയന്ത്രണ നിയമം വേണമെന്ന് രാജസ്ഥാന്‍ ബിജെപി എംഎല്‍എ. ഏകീകൃത ജനസംഖ്യാ നയത്തിന്റെ ഭാഗമായി രണ്ട് കുട്ടികള്‍ മതി എന്ന വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നയം പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് രാജസ്ഥാനിലെ ഹവാമഹലില്‍ നിന്നുള്ള ബിജെപിയുടെ എംഎല്‍എയായ ബല്‍മുകുന്ദ് ആചാര്യ പുതിയ ആവശ്യം ഉന്നയിച്ചത്. നാല് ഭാര്യമാരും 36 കുട്ടികളും അനുവദിക്കില്ലെന്നും ജനസംഖ്യാ നിയന്ത്രണ നിയമം വേണമെന്നുമാണ് എംഎല്‍എ മുസ്ലീം വിഭാഗത്തിനെതിരെ തുറന്നടിച്ചത്.

രാജ്യത്തെ ജനസംഖ്യാ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും ജനസംഖ്യാ നിയന്ത്രണ നിയമം ഉടനടി നടപ്പാക്കണമെന്നും എംഎല്‍എ പറയുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ വ്യക്തമാണ്.

‘ഒരു രാജ്യം, ഒരു നിയമം’ രാജ്യത്ത് ഉടന്‍ നടപ്പാക്കണമെന്നും രാജസ്ഥാനില്‍ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കണമെന്ന ആവശ്യം താന്‍ നേരത്തെ ഉന്നയിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് കത്തെഴുതുമെന്നും ആചാര്യ പറഞ്ഞു. ജനസംഖ്യാ വര്‍ധനവ് ഒരു പ്രധാന പ്രശ്‌നമാണെന്നും അത് അസന്തുലിതാവസ്ഥയിലേക്കും നയിക്കുകയാണെന്നും നാല് ഭാര്യമാരും 36 കുട്ടികളുമുള്ള ഒരു സമൂഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മൂന്ന് മുതല്‍ നാല് വരെ ഭാര്യമാരുള്ള ആളുകള്‍ രാജസ്ഥാന്‍ നിയമസഭയില്‍ ഉണ്ടെന്നും ബിജെപി എംഎല്‍എ പരിഹസിച്ചു.

കഴിഞ്ഞ ആഴ്ച, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ ലോക ജനസംഖ്യാ ദിനത്തില്‍ ഒരു ‘വിഭാഗം’ ആളുകള്‍ സര്‍ക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ ശ്രമങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് വിമര്‍ശിച്ചിരുന്നു. ഈ കാമ്പെയ്‌ന്റെ ഭാഗമായി എല്ലാവരും ഇതില്‍ പങ്കാളികളാകണമെന്നും എന്നാല്‍ ഒരു വിഭാഗത്തില്‍ ഒരു മാറ്റവും ഞങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ജനസംഖ്യാ സമ്മര്‍ദം വര്‍ധിച്ചിട്ടും അതില്‍ പുരോഗതിയില്ലെന്നും ഭാവിയില്‍ ജനസംഖ്യ കൂടിയാല്‍ പല പ്രശ്നങ്ങളും വര്‍ധിക്കുമെന്ന് അത്തരക്കാരെ ബോധവത്കരിക്കണമെന്നും ഭജന്‍ ലാല്‍ ശര്‍മ്മ പറഞ്ഞു.

More Stories from this section

family-dental
witywide