ജയ്പൂർ: ഐപിഎൽ മത്സരത്തിൽ ആർസിബിയെ ആറ് വിക്കറ്റിന് തകർത്ത് നാലാം ജയത്തോടെ രാജ്സഥാൻ റോയൽസ്. വിരാട് കോലിയുടെ സെഞ്ച്വറി മികവിൽ (72 പന്തിൽ113 നോട്ടൗട്ട്) ആർസിബി നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടിയായി ജോസ് ബട്ട്ലറുടെ സെഞ്ച്വറി മികവിൽ രാജസ്ഥാൻ 19.1 ഓവറിൽ വിജയം പിടിച്ചെടുത്തു. സിക്സറടിച്ചാണ് ബട്ട്ലർ സെഞ്ച്വറിയും ടീമിന്റെ വിജയവും ആഘോഷിച്ചത്. ക്യാപ്റ്റൻ സഞ്ജു സാസംൺ (42 പന്തിൽ 69) മികച്ച പിന്തുണ നൽകി.
ഇന്നിങ്സിന്റെ തുടക്കത്തിൽ യശ്വസി ജയ്‍സ്വാളിനെ(0) നഷ്‌ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിൽ ബട്ലറും സഞ്ജുവും വമ്പൻ കൂട്ടുകെട്ടുയർത്തി. റയാൻ പരാഗ് നാല് റൺസെടുത്ത് റത്തായി. ദയാലിന്റെ പന്തിൽ കോലിക്ക് ക്യാച്ച് നൽകിയായിരുന്നു മടക്കം. ഹെറ്റ്മെയർ 11 റൺസുമായി പുറത്താകാതെ നിന്നു. ധ്രുവ് ജുറേലാണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാൻ. 58 പന്തിൽ 9 ഫോറും നാല് സിക്സുമടങ്ങുന്നതായിരുന്നു ബട്ലറുടെ സെഞ്ച്വറി.
നേരത്തെ കോലിയുടെ സെഞ്ച്വറി മികവാണ് ആർസിബിക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് 33 പന്തിൽ 44 റൺസെടുത്തു. സൗരവ് ചൗഹാൻ 9 റൺസെടുത്ത് പുറത്തായി. സ്പിന്നർമാരായ യൂസ്‍വേന്ദ്ര ചഹലും ആർ അശ്വിനുമാണ് രാജസ്ഥാനെ തിരിച്ചുകൊണ്ടുവന്നത്. പേസ് ബൗളർമാരെ അതിർത്തി വര കടത്തിയ കോലി-ഡുപ്ലെസി സഖ്യം സ്പിന്നർമാർ വന്നതോടെ പതറി. ചഹൽ നാലോവറിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അശ്വിൻ നാലോവറിൽ 28 റൺസ് വഴങ്ങി. 12 ഫോറും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു കോലിയുടെ ഗംഭീര ഇന്നിങ്സ്.
Rajasthan Royals beats RCB in IPL 2024