
ജയ്‌സാൽമർ: ബാർമർ ജില്ലയിലെ സർക്കാർ സീനിയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ 11-ാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ സൂക്ഷിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. മുപ്പതുകാരനായ പ്രതി ഒളിവിലാണ്.
ഞായറാഴ്ച വൈകുന്നേരം വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം അറിയിച്ചതായി പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് കുടുംബം ബഖാസർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തത്. തിങ്കളാഴ്ച മെഡിക്കൽ ബോർഡ് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
എഫ്‌ഐആറിൽ, സ്‌കൂളിലെ ഹിന്ദി അധ്യാപകനായ പ്രഹ്ലാദ് റാം പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളിൽ പലരും ശനിയാഴ്ച രാത്രി ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് സംഭവം നടന്നത്. വീട്ടിൽ, പെൺകുട്ടിയും ഇളയ സഹോദരനും മുത്തശ്ശിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“പ്രഹ്ലാദ് റാം അർധരാത്രി വീട്ടിൽ കയറി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പെൺകുട്ടി പ്രതിഷേധിച്ചപ്പോൾ അയാൾ കൊലപ്പെടുത്തി മൃതദേഹം ജലസംഭരണിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അവർ പറഞ്ഞു,”ചൗഹത്താൻ ഡെപ്യൂട്ടി എസ്പി സുഖ്‌റാം ബിഷ്‌നോയ് പറഞ്ഞു.
കഴിഞ്ഞ കുറേനാളുകളായി പ്രഹ്ലാദ് റാം പെൺകുട്ടിയെ ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും വഴിവിട്ട ബന്ധത്തിന് പ്രേരിപ്പിക്കാറുണ്ടായിരുന്നെന്നും കുടുംബം പറഞ്ഞു. പെൺകുട്ടിയും അധ്യാപകനും ഒരേ സമുദായത്തിൽപ്പെട്ടവരായതിനാൽ, കുടുംബാംഗങ്ങൾ ഇക്കാര്യം സമുദായ നേതാക്കന്മാരോട് പറഞ്ഞിരുന്നു. ഇത്തരം പ്രവൃത്തികൾ നിർത്താൻ മറ്റൊരു അധ്യാപകൻ റാമിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇയാൾ ശല്യം ചെയ്യുകയായിരുന്നുവെന്ന് വീട്ടുകാർ പരാതിയിൽ പറയുന്നു.