ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് ഇലോൺ മസ്ക്; കുറ്റമറ്റ ഇവിഎം ഉണ്ടാക്കാൻ പഠിപ്പിക്കാമെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇവിഎം) ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ പേപ്പർ ബാലറ്റിലേക്ക് തിരികെ പോകണമെന്നുമുള്ള ഇലോൺ മസ്കിൻ്റെ പോസ്റ്റിന് മറുപോസ്റ്റുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മസ്കിന്റെ ആരോപണം തെറ്റാണെന്നും ഇത്തരം കാര്യങ്ങൾ സാമാന്യവൽക്കരിക്കുന്ന പ്രസ്താവനയാണ് മസ്ക് നടത്തിയതെന്നും രാജീവ് ചന്ദ്രശേഖർ മറുപടി നൽകി.

ലോകമെമ്പാടുമുള്ള ഇവിഎമ്മുകളുടെ സുരക്ഷയെക്കുറിച്ച് വർദ്ധിച്ചുവരുന്ന ചർച്ചകൾക്കിടയിലായിരുന്നു മസ്കിൻ്റെ പരാമർശം. പ്രത്യേകിച്ചും പ്യൂർട്ടോറിക്കോയിലെ സമീപകാല പ്രൈമറി തിരഞ്ഞെടുപ്പുകളിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം വളരെ ഗുരുതരമായി നിലനൽക്കുന്ന സാഹചര്യത്തിൽ. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥി റോബർട്ട് എഫ്. കെന്നഡി ജൂനിയർ കഴിഞ്ഞ ദിവസം ഇവിഎമ്മിനെ സംശയ നിഴലിൽ നിർത്തുന്ന പ്രസ്താവന നടത്തിയിരുന്നു.

ഇവിഎമ്മുകളെ കുറിച്ചുള്ള ആശങ്കകൾ അമേരിക്കയിൽ വ്യാപകമാകുമ്പോൾ, ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണ്. എം3 ഇവിഎമ്മുകൾ എന്നറിയപ്പെടുന്ന മൂന്നാം തലമുറ ഇവിഎമ്മുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. അവ ടാംപർ പ്രൂഫ് ആയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ മെഷീനുകൾ ഒരു ‘സേഫ്റ്റി മോഡിൽ’ പ്രവേശിക്കുകയും എന്തെങ്കിലും കൃത്രിമത്വ ശ്രമങ്ങൾ ഉണ്ടായെന്ന് കണ്ടെത്തിയാൽ പ്രവർത്തനരഹിതമാവുകയും ചെയ്യും. ഇതു മുൻനിർത്തിയാണ് മുൻ ഐടി സഹമന്ത്രി കൂടിയായിരുന്ന രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്റ്.

“സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയറുകൾ ഉണ്ടാക്കാൻ സാധിക്കില്ലെന്ന് കരുതുന്നത് തെറ്റാണ്. സാധാരണ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന അമേരിക്കയുടെ അല്ലെങ്കിൽ മറ്റിടങ്ങളിലെ ഇവിഎമ്മിനെ സംബന്ധിച്ച്, ഇലോൺ മസ്കിന്റെ കാഴ്ചപ്പാട് ശരിയായിരിക്കാം. എന്നാല്‍, ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ സുരക്ഷിതമാണ്.” രാജീവ് ചന്ദ്രശേഖർ പോസ്റ്റിൽ വ്യക്തമാക്കി. ഇതിൽ ബ്ലുടൂത്തോ വൈഫൈയോ അല്ലെങ്കിൽ മറ്റേതെങ്കിലും കണക്ടിവിറ്റിയോ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേണമെങ്കിൽ ഇന്ത്യയിലേതു പോലുള്ള ഇ.വി.എമ്മുകൾ നിർമ്മിക്കാൻ മസ്കിന് പരിശീലനം നൽകാൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Rajeev Chandrasekhar Responds to Elon Musk On his View about EVMs