തിരുവനന്തപുരം: മോദി സര്‍ക്കാരിന്‍റെ ഹാട്രിക്ക് സത്യപ്രതിജ്ഞക്ക് ഏതാനും മിനിറ്റുകൾക്ക് മുൻപ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുള്ള ട്വീറ്റിൽ രാജീവ് ചന്ദ്രശേഖറിന് പണിപാളി. ‘പതിനെട്ട് വർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നുവെന്നാണ് മുൻ കേന്ദ്രമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. എന്നാൽ ഇത് വലിയ തോതിൽ ചർച്ചയാതോടെ ചന്ദ്രശേഖർ ട്വീറ്റ് മുക്കി.
കഴിഞ്ഞ മൂന്ന് വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ സംതൃപ്തനാണെന്നും ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ തീർച്ചയായും ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ അങ്ങനെ പൊതുപ്രവർത്തനം അവസാനിപ്പിക്കുയാണെന്നുമാണ് രാജീവ് കുറിച്ചത്. കണ്ടുമുട്ടിയ എല്ലാവർക്കും, പിന്തുണച്ച എല്ലാവർക്കും, പ്രവർത്തകർക്കും നേതാക്കന്മാർക്കും നന്ദിയും അറിയിച്ചുള്ളതായിരുന്നു ട്വീറ്റ്. എന്നാൽ ഇത് വിവാദമായതോടെ താൻ ഉദ്ദേശിച്ചത് കേന്ദ്രമന്ത്രിയെന്ന ഔദ്യോഗിക പദവിയിൽ നിന്നുള്ള വിടവാങ്ങലെന്ന വിശദീകരണവുമായി രാജീവ് രംഗത്തെത്തിയിരുന്നു. അങ്ങനെയാണെങ്കിൽ 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് എന്തിനാണ് കുറിച്ചതെന്ന ചോദ്യമായിരുന്നു പിന്നാലെ ഉയർന്നത്. ഇതിന് ശേഷമാണ് ട്വീറ്റ് പിൻവലിച്ചത്.