തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രളയ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. കേരളത്തില്‍ നല്ല മഴ പെയ്യുന്നുണ്ട്. മഴക്കാലം നേരത്തെ എത്തിയ സന്തോഷത്തിലും ഒപ്പം ചിലയിടങ്ങളിലെ മഴക്കെടുതികളെ കുറിച്ചുള്ള ചര്‍ച്ചകളുമൊക്കെ തുടരുകയാണ്. അതിനിടയിലാണ് കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആരദാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇന്ന് ട്വീറ്റ് ചെയ്തത്. മലയാളത്തിലായിരുന്നു രാജീവിന്റെ എക്സ് പോജിലെ ട്വീറ്റ്. ട്വീറ്റ് ഇങ്ങനെയാണ്.
“കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പരേതരുടെ കടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അപകടത്തില്‍പ്പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു“-ഇതായിരുന്നു ട്വീറ്റ്.
പഞ്ചാബി ഹൗസ് സിനിയമയില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞതുപോലെ “എവിടേയോ എന്തോ തകരാര്‍ പോലെ…എന്തുപറ്റി രമണാ….” – യഥാര്‍ത്ഥത്തില്‍ അതായിരുന്നു സോഷ്യല്‍ മീഡിയയില്‍ രാജീവ് ചന്ദ്രശേഖരിന്റെ ട്വിറ്റ് കണ്ട എല്ലാവരുടെയും അവസ്ഥ.
ഏതായാലും എന്തോ കയ്യബദ്ധം മന്ത്രി രാജീവ് ചന്ദ്രശേഖറിന് പറ്റി എന്ന് മനസ്സിലാക്കാം. രാജീവ് ചന്ദ്രശേഖറിനെ ട്രോളി രംഗത്തെത്തിയവരുടെ കൂട്ടത്തില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉണ്ട്. രാജീവ് ചന്ദ്രശേഖര്‍ കണ്ടത് 2018 സിനിമയാണെന്നും, തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണ്ണ ബോധം ഉണ്ടാകും എന്നൊക്കെയായിരുന്നു ശിവന്‍കുട്ടിയുടെ പരിഹാസം. ഇത്തരത്തില്‍ രാജീവ് ചന്ദ്രശേഖറിനെ ട്രോളി സോഷ്യല്‍ മീഡിയ ഇന്ന് വലിയ ആഘോഷം തന്നെ നടത്തി.
കേരളത്തില്‍ നേരത്തെ എത്തിയ കാലവര്‍ഷം പലയിടങ്ങളിലും തിമര്‍ത്തുപെയ്യുകയാണ്. പക്ഷെ, ഒരിടത്തും പ്രളയത്തിലേക്ക് സാഹചര്യങ്ങള്‍ നീങ്ങിയിട്ടില്ല. അതിനിടയിലാണ് കേരളത്തില്‍ പ്രളയം ഉണ്ടായെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്.
‘2018’ സിനിമ കണ്ടിട്ടാണോ രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പെന്നാണ് മേയർ ആര്യ രാജേന്ദ്രന്റെ ചോദ്യം. “ഇനിയിപ്പോ ഇതെങ്ങാനും കണ്ടിട്ടാണോ എന്തോ… ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേ അദ്ദേഹത്തെ…” സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രം പങ്കുവെച്ച് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
രാജീവ് ചന്ദ്രശേഖരന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളിൽ ട്രോളായി പ്രചരിച്ചതോടെ പോസ്റ്റിനു താഴെ പരിഹാസ കമന്റുകൾ നിറഞ്ഞു. രണ്ടുമണിക്കൂറിനുശേഷം കുറിപ്പ് പിൻവലിക്കുകയും ചെയ്തു.