ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയാണ് രജനികാന്ത്. ഫാന്‍സ് പിന്തുണയുടെ കാര്യത്തിലും മുന്‍നിര താരമാണ് തലൈവര്‍ എന്ന് വിളിക്കപ്പെടുന്ന സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. ഒരു പ്രമുഖ പാര്‍ട്ടിയിലും ഔപചാരികമായി ചേരാതെ തന്നെ അദ്ദേഹം ഇടയ്ക്ക് രാഷ്ട്രീയ പരീക്ഷണത്തിന് മുതിര്‍ന്നിരുന്നു. 2017 ല്‍ രജനി മക്കള്‍ മന്ദ്രം (ആര്‍എംഎം) എന്ന തന്റെ പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചെങ്കിലും 2021-ല്‍ പാര്‍ട്ടി പിരിച്ചുവിടുകയും രാഷ്ട്രീയത്തിലേക്കുള്ള വാതില്‍ അദ്ദേഹം അടയ്ക്കുകയും ചെയ്തിരുന്നു.
പക്ഷേ അതുകൊണ്ടൊന്നും രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നും അദ്ദേഹത്തിന്റെ പേര് മാഞ്ഞുപോയില്ല. ഏറ്റവും ഒടുവിലായി തിരഞ്ഞെടുപ്പ് ഫലം വന്നതിനോടടുപ്പിച്ച് അദ്ദേഹത്തെ ഡല്‍ഹിയില്‍ കണ്ടതാണ് ചര്‍ച്ചയായത്. തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നും ഒരു ചെറിയ ഇടവേള എടുത്ത് ഹിമാലയന്‍ യാത്ര നടത്തി ഡല്‍ഹിയില്‍ വിമാനമിറങ്ങുന്നതിനിടെയാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയ ചര്‍ച്ചകളിലേക്കും ലാന്‍ഡ് ചെയ്തത്. എന്‍ഡിഎയുടെയും ഇന്ത്യ മുന്നണിയുടെയും നിര്‍ണായക രാഷ്ട്രീയ യോഗങ്ങള്‍ നടക്കുന്നതിനിടെയാണ് രജനികാന്ത് ഡല്‍ഹിയിലെത്തിയതെന്നും ഇരു സഖ്യങ്ങളും ദേശീയ തലസ്ഥാനത്ത് നിര്‍ണായക യോഗത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ രജനിയുടെ ഈ സന്ദര്‍ശനം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷമാണെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നു. എല്ലാം ചില ഊഹാപോഹങ്ങളാണ്, സൂപ്പര്‍സ്റ്റാറോ മാനേജരോ അടുത്ത വൃത്തങ്ങളോ ഒന്നുംതന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പങ്കുവെച്ചിട്ടില്ല.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപികരണവുമായി എന്‍ഡിഎയും മറ്റ് തന്ത്രങ്ങള്‍ മെനഞ്ഞ് ഇന്ത്യ മുന്നണിയും അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണം. ബിജെപിക്ക് കേവലഭൂരിപക്ഷത്തേക്കാള്‍ 32 സീറ്റ് കുറഞ്ഞതോടെ സഖ്യം രൂപീകരിക്കാന്‍ നിതീഷ് കുമാര്‍, എന്‍ ചന്ദ്രബാബു നായിഡു, ഏകനാഥ് ഷിന്‍ഡെ തുടങ്ങിയ സഖ്യകക്ഷികളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.