നികുതി ലാഭിക്കാന്‍ രാജീവ് ഗാന്ധിയാണ് ഇന്ത്യയിലെ സ്വത്ത് പിന്തുടര്‍ച്ചാ നികുതി നിയമം എടുത്തുകളഞ്ഞത്: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

ന്യൂഡല്‍ഹി: രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഇന്ത്യയിലെ സ്വത്ത് പിന്തുടര്‍ച്ചാ നികുതി നിയമം എടുത്തുകളഞ്ഞതെന്ന് മോദി.

രാജീവ് ഗാന്ധി തന്റെ പാരമ്പര്യ സ്വത്ത് സര്‍ക്കാരുമായി പങ്കിടാന്‍ ആഗ്രഹിക്കാത്തതിനാലാണ് സ്വത്ത് പിന്തുടര്‍ച്ചാ നികുതി റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. മധ്യപ്രദേശിലെ മൊറേനയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തിരുത്തി കോണ്‍ഗ്രസ് വീണ്ടും നികുതി ചുമത്താന്‍ ആഗ്രഹിക്കുന്നുവെന്നും അവകാശപ്പെട്ടു.

”സ്വത്ത് പിന്തുടര്‍ച്ചാ നികുതിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ കണ്ണ് തുറപ്പിക്കുന്നതാണ്… മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ അവരുടെ മക്കള്‍ക്ക് അവരുടെ സ്വത്ത് ലഭിക്കാന്‍ പോകുകയായിരുന്നു. എന്നാല്‍ മുമ്പ് ഒരു നിയമം ഉണ്ടായിരുന്നു, സ്വത്ത് മക്കള്‍ക്ക് പോകുന്നതിന് മുമ്പ്, അതിന്റെ കുറച്ച് ഭാഗം സര്‍ക്കാര്‍ എടുത്തിരുന്നു… സ്വത്ത് സംരക്ഷിക്കാന്‍… അത് സര്‍ക്കാരിലേക്ക് പോകാതിരിക്കാന്‍, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അത് റദ്ദാക്കി”- മോദി അവകാശപ്പെട്ടു.

1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ സ്വത്ത് പിന്തുടര്‍ച്ചാ നികുതി നിയമം എടുത്തുകളഞ്ഞു. ഇപ്പോള്‍ ജനങ്ങളുടെ സ്വത്തുക്കളുടെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും പരിശോധിച്ച് ജനങ്ങളുടെ ആഭരണങ്ങളും ചെറുകിട സമ്പാദ്യങ്ങളും കണ്ടുകെട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി വീണ്ടും അവകാശപ്പെട്ടു.

കോണ്‍ഗ്രസ് മത പ്രീണനമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കര്‍ണാടകയില്‍ മുസ്ലീങ്ങളെ അനധികൃതമായി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചു.’കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരുണ്ട്… കര്‍ണാടകയിലെ മുസ്ലീം സമുദായത്തിലെ മുഴുവന്‍ ആളുകളെയും അവര്‍ ഒ.ബി.സികളായി പ്രഖ്യാപിച്ചു. ഒബിസി സമുദായത്തിലേക്ക് നിരവധി ആളുകളെ കോണ്‍ഗ്രസ് ചേര്‍ത്തു. മുമ്പ് ഒബിസികള്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും സംവരണം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചിരുന്ന സംവരണം അവരില്‍ നിന്ന് രഹസ്യമായി തട്ടിയെടുക്കപ്പെട്ടു,’ എന്നും മോദി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് എപ്പോഴും കുടുംബത്തിനാണ് പ്രഥമസ്ഥാനമെന്നും മോദി ആരോപിച്ചു. തന്നെ അപമാനിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ കടുത്ത ഭാഷ ഉപയോഗിക്കുന്നതില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ദയവായി സങ്കടപ്പെടരുത്, ദേഷ്യപ്പെടരുത്, കോണ്‍ഗ്രസ് ‘രാജവംശം’ ആണ്, ഞങ്ങള്‍ ‘തൊഴിലാളിയും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ സര്‍ക്കാര്‍ ഒരിക്കലും മതപരമായ വിവേചനം കാണിച്ചിട്ടില്ലെന്നും 80 കോടി ജനങ്ങള്‍ക്ക് യാതൊരു വിവേചനവുമില്ലാതെ സൗജന്യ റേഷന്‍ നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. ‘രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്‌ളിംങ്ങള്‍ക്കാണ് ആദ്യ അവകാശമെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ പാവപ്പെട്ടവര്‍ക്കാണ് അതില്‍ ആദ്യ അവകാശം എന്ന് ഞാന്‍ പറയുന്നു,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide