വാഷിങ്ടൺ: നാലുദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയത കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായും സുരക്ഷ ഉപദേഷ്ടാവ് ജേയ്ക് സുള്ളിവനുമായും കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മിൽ സുരക്ഷയും പ്രതിരോധ രംഗത്തെ സഹകരണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
കൂടിക്കാഴ്ചയിൽ, 443 കോടി രൂപയുടെ ആന്റി സബ്മറൈൻ വാർഫെയർ സോണോബോയ്‌സും അനുബന്ധ ഉപകരണങ്ങളും ഇന്ത്യക്ക് വിൽക്കാൻ യുഎസ് ധാരണയായി. ഇന്ത്യ അടുത്ത സുഹൃത്തും തന്ത്രപരമായ പങ്കാളിയുമാണെന്ന് ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഇന്ത്യൻ നാവികസേനയുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
മുങ്ങിക്കപ്പലുകൾ പരീക്ഷിക്കുന്നതിനുള്ള ലോകത്തെ ഏറ്റവും വലിയ ജല തുരങ്കമായ വില്യം ബി മോർഗൻ ലാർജ് കാവിറ്റേഷൻ ചാനൽ (എൽ.സി.സി) രാജ്നാഥ് സിങ് സന്ദർശിച്ചു. ഇന്ത്യയിലും സമാന ജലതുരങ്കം സ്ഥാപിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി. ജലതുരങ്കത്തിലെ പരീക്ഷണത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. മെരിലാൻഡിലെ നേവൽ സർഫേസ് വാർഫെയർ സെന്ററും അദ്ദേഹം സന്ദർശിച്ചു.