അഖിലേഷിനും ബിജെപി വക ഷോക്ക്, രാജ്യസഭ തിരഞ്ഞെടുപ്പിൽ പത്തോളം എംഎൽഎമാർ വിമതർ! യോഗിയെ കണ്ടു? നടപടിയെന്ന് അഖിലേഷ്

ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈ കോർത്തതിന് പിന്നാലെ അഖിലേഷ് യാദവിനും സമാജ് വാദി പാർട്ടിക്കും ബി ജെ പി വക ഷോക്ക്. ഇന്ന് നടക്കുന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടിയുടെ എട്ട് എംഎല്‍എമാര്‍ വിട്ടു നിന്നു. ഇവരടക്കം പത്തോളം എം എൽ എമാർ കൂറുമാറ്റം നടത്തിയേക്കുമെന്നാണ് യു പിയിൽ നിന്നും പുറത്തുവരുന്ന വാ‍ർത്ത.

സമാജ്‌വാദി പാര്‍ട്ടിയിലെ 10 എം എ ല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന അവകാശവാദവുമായി ബി ജെ പിയും രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ 5 സമാജ്‍വാദി പാര്‍ട്ടി എം എല്‍ എമാര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടതായും സൂചന പുറത്തുവന്നിട്ടുണ്ട്.

അതിനിടെ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച് എസ് പി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി. വിമത എം എല്‍ എമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ജയിക്കാൻ വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയാണ് ബി ജെ പിയെന്നും ചണ്ഡീഗഡില്‍ ബാലറ്റില്‍ കൃത്രിമം കാണിച്ചാണ് ബി ജെ പി ജയിച്ചതെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശിലെ പത്ത് രാജ്യസഭാ സീറ്റിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ബി ജെ പിക്ക് ഏഴും സമാജ് വാദി പാര്‍ട്ടി – കോൺഗ്രസ് കൂട്ടുകെട്ടിന് മൂന്നും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ നിയമസഭയില്‍ ഉണ്ട്. അതിനിടെ തങ്ങളുടെ എട്ടാമത്തെ സ്ഥാനാര്‍ത്ഥിയായി മുന്‍ എസ് പി നേതാവ് സഞ്ജയ് സേത്തിനെ കളത്തിലിറക്കിയാണ് ബി ജെ പി പോരാട്ടം കടുപ്പിച്ചത്. ഈ സാഹചര്യത്തിലായിരുന്നു അഖിലേഷ് യാദവ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. ഈ യോഗത്തിലേക്കാണ് 8 എം എൽ എമാർ എത്താതിരുന്നത്. ബി ജെ പി അവകാശപ്പെടും പോലെ 10 എം എൽ എമാരുടെ വോട്ട് കിട്ടിയാൽ സഞ്ജയ് സേത്തിലൂടെ എട്ട് സീറ്റിൽ ജയിക്കാനായേക്കും.

Rajya Sabha polls live updates SP MLAs skip Akhilesh’s dinner, BJP eyes 8 seats in UP