സൂര്യ തിലക ശോഭയില്‍ തിളങ്ങി രാം ലല്ല ! അയോധ്യ ഭക്തിസാന്ദ്രം…

യോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കു ശേഷമുള്ള ആദ്യ രാമനവമി ദിനത്തില്‍ സൂര്യ തിലക ശോഭയില്‍ തിളങ്ങി രാം ലല്ല. വിശ്വാസികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച ദിവസവും നിമിഷവുമായിരുന്നു ഇന്നത്തേത്. അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമലല്ല വിഗ്രഹത്തിന്റെ നെറ്റിയില്‍ ‘സൂര്യ തിലകം’ (സൂര്യന്റെ കിരണങ്ങള്‍) പ്രകാശിപ്പിച്ചതാണ് ലക്ഷക്കണക്കിന് ഭക്തര്‍ക്ക് വേറിട്ട അനുഭവമായത്. സൂര്യപ്രകാശം ശാസ്ത്രത്തിന്റെ സഹായത്തോടെ സാങ്കേതികവിദ്യകൊണ്ട് സമന്വയിപ്പിച്ചെടുത്ത് രാം ലല്ലയുടെ തിരുനെറ്റിയിലേക്ക് എത്തിക്കുകയായിരുന്നു.

കണ്ണാടികളും ലെന്‍സുകളും ഉള്‍പ്പെടുന്ന വിപുലമായ സംവിധാനം ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ രാം ലല്ലയെ സൂര്യപ്രകാശം കൊണ്ട് അഭിഷേകം ചെയ്യുകയായിരുന്നു. അത്യാധുനിക ശാസ്ത്ര വൈദഗ്ധ്യം ഉപയോഗിച്ച്, 5.8 സെന്റീമീറ്റര്‍ പ്രകാശമാണ് ദേവന്റെ നെറ്റിയില്‍ പതിച്ചത്. ഇതിനായി ഒരു പ്രത്യേക ഉപകരണം രൂപകല്‍പ്പന ചെയ്യുകതന്നെ ചെയ്തു. രാം മന്ദിറില്‍ പത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘം രാമനവമിയിലെ ഈ ശുഭകരമായ പരിപാടിയുടെ വിജയം ഉറപ്പാക്കി.

ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് ഏകദേശം 3 മുതല്‍ 3.5 മിനിറ്റ് വരെയാണ് കണ്ണാടികളുടെയും ലെന്‍സുകളുടെയും സംയോജനം ഉപയോഗിച്ച് സൂര്യപ്രകാശം പ്രതിമയുടെ നെറ്റിയിലേക്ക് കൃത്യമായി പതിപ്പിച്ചത്. ഔദ്യോഗികമായി ‘സൂര്യ തിലക് മെക്കാനിസം’ എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനം ഒരു സുപ്രധാന ശാസ്ത്ര-എഞ്ചിനീയറിംഗ് നേട്ടം കൈവരിക്കാന്‍ സഹായിച്ചു.

ഐഐടി സംഘമാണ് ഇതിനായുള്ള ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ ചെയ്തത്. ഇതിന്റെ വിജയകരമായ രണ്ട് പരീക്ഷണങ്ങളും ഇതിന് മുന്‍പ് നടന്നിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെയും മറ്റ് പരിപാടികളുടേയും തിരക്കിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.

More Stories from this section

family-dental
witywide