ന്യൂഡല്‍ഹി: ജനുവരി 22ന് അയോധ്യയിൽ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളോ കൃത്രിമ ഉള്ളടക്കമോ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങള്‍ക്കും സമൂഹ മാധ്യമങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
വസ്തുത ഉറപ്പു വരുത്താത്തതും പ്രകോപനപരവും വ്യാജവുമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് വാര്‍ത്താവിതരണ-പ്രക്ഷേപണ കാര്യ മന്ത്രാലയം വിശദീകരിച്ചു.അങ്ങനെ ചെയ്യുന്നത് സാമുദായിക സൗഹാര്‍ദത്തെയും ക്രമസമാധാനത്തെയും ബാധിച്ചെന്നു വരാം.
പത്രങ്ങള്‍, സ്വകാര്യ ടി.വി ചാനലുകള്‍, ആനുകാലിക വാര്‍ത്താ പ്രസാധക സ്ഥാപനങ്ങള്‍, ഡിജിറ്റല്‍ മീഡിയ എന്നിവയെല്ലാം ജാഗ്രത പാലിക്കണം. ആധികാരികത ഉറപ്പാക്കണം. ജാതി, സമുദായ പരാമര്‍ശങ്ങള്‍ പ്രകോപനപരമാവാത്ത വിധം സൂക്ഷ്മത പാലിക്കണം. ദേശതാല്‍പര്യത്തിന് മുന്തിയ പ്രാധാന്യം നല്‍കണം.