ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029 ല്‍ നടപ്പിലാകുമോ ? രാംനാഥ് കോവിന്ദിന്റെ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന്റെ ഭാഗമായി ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനെക്കുറിച്ച് പഠിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിശദവിവരങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമിതി ഇന്ന് മുര്‍മുവുമായി കൂടിക്കാഴ്ച നടത്തും.

എട്ട് വിഭാഗങ്ങളിലായി 18,000 പേജുകളുള്ള റിപ്പോര്‍ട്ടാണ് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുക. രാജ്യത്ത് ഒരേസമയം വോട്ടെടുപ്പ് നടത്താന്‍ ഭരണഘടനയുടെ അവസാനത്തെ അഞ്ച് അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്‌തേക്കും. ഒന്നിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലെ സാമ്പത്തിക ലാഭത്തെ കുറിച്ച് 15ാം ധനകാര്യ ചെയര്‍പേഴ്‌സണ്‍ എന്‍.കെ.സിങ്ങിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ അവലോകനവും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.

ലോക്സഭാ, നിയമസഭാ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ എന്നിവ നടത്തുന്നതിന് ഏക വോട്ടര്‍ പട്ടിക ഉണ്ടാക്കുന്നതിലും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. നിലവിലുള്ള ഭരണഘടനാ ചട്ടക്കൂട് കണക്കിലെടുത്ത് ലോക്സഭ, നിയമസഭ, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാര്‍ശകള്‍ പരിശോധിക്കാനും നല്‍കാനും കഴിഞ്ഞ സെപ്തംബറിലാണ് സമിതി രൂപീകരിച്ചത്.

രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ. സിംഗ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവരും അംഗങ്ങളാണ്. ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ പാനലില്‍ അംഗമാക്കിയെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് പാനലിലെ പ്രത്യേക ക്ഷണിതാവ്.

Ram Nath Kovind-led committee is likely to submit a report on One Nation One Poll today

More Stories from this section

family-dental
witywide