രാമക്ഷേത്ര ഉദ്ഘാടനം: മാംസാഹാര വിതരണം താത്ക്കാലികമായി നിര്‍ത്തിവെച്ച് സൊമാറ്റോ

ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഏതാനും സംസ്ഥാനങ്ങളില്‍ മാംസാഹാരം വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു തീരുമാനം.

ഭോപ്പാലില്‍ കോഴിയിറച്ചി ലഭ്യമല്ലാത്തതിനെ കുറിച്ച് ഒരു ഉപഭോക്താവ് സോഷ്യല്‍ മീഡിയയില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ്, ‘സൊമാറ്റോ ഇന്ന് ഭോപ്പാലില്‍ ചിക്കന്‍ ഡെലിവറി ചെയ്യുന്നില്ല’ എന്ന് എക്സില്‍ എഴുതിയത്.

തിങ്കളാഴ്ച അയോധ്യയില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നതിനെത്തുടര്‍ന്നാണ് മാംസാഹാരം ലഭിക്കാത്തതിന് കാരണമെന്ന് ഉപയോക്താവ് പറഞ്ഞു. ഇതേത്തുടര്‍ന്നുള്ള പ്രതികരണത്തില്‍, സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് തങ്ങള്‍ ഉത്തര്‍പ്രദേശ്, അസം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മാംസാഹാര വിതരണം പ്രവര്‍ത്തനരഹിതമാക്കിയെന്നാണ് ഉപഭോക്താവിന് സൊമാറ്റോ മറുപടി നല്‍കിയത്.

ജനുവരി 22 ന് മാംസവും മത്സ്യവും വില്‍ക്കുന്നത് നിരോധിക്കാനുള്ള ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളുടെ തീരുമാനവുമായി ഈ നീക്കത്തെ കൂട്ടിവായിക്കാവുന്നതാണ്.

സംസ്ഥാനത്തെ എല്ലാ റെസ്റ്റോറന്റുകളും ജനുവരി 22ന് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പാന്‍ തീരുമാനിച്ചതായി ഉത്തര്‍പ്രദേശിലെ നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മേധാവി വരുണ്‍ ഖേര പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി 22ന് മദ്യശാലകളും ഇറച്ചിക്കടകളും അടച്ചിടുന്നത് ഉറപ്പാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര ഉത്തരവിറക്കിയിരുന്നു.

രാമക്ഷേത്ര പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് 4 മണി വരെ ഇറച്ചിക്കടകള്‍ അടച്ചിടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും അറിയിച്ചു. ഉച്ചയ്ക്ക് 2 മണി വരെ മാംസാഹാരം നല്‍കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനത്തെ റെസ്റ്റോറന്റുകളോട് അഭ്യര്‍ത്ഥിച്ചു.

More Stories from this section

family-dental
witywide