ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 18-ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇന്ത്യാ ദിന പരേഡില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഒരു മോഡലും പ്രദര്‍ശിപ്പിക്കും. ന്യൂയോര്‍ക്കിലും പരിസരത്തുമുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ അമേരിക്കക്കാരെ ആകര്‍ഷിക്കുന്ന ഒരു പരിപാടി കൂടിയാണിത്. രാമക്ഷേത്രത്തിന്റെ ഒരു പകര്‍പ്പ് അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമായാണ്.
പ്രദര്‍ശിപ്പിക്കുന്ന രാമക്ഷേത്ര മോഡലിന് 18 അടി നീളവും ഒമ്പത് അടി വീതിയും എട്ടടി ഉയരവുമുണ്ടായിരിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയുടെ (വിഎച്ച്പിഎ) ജനറല്‍ സെക്രട്ടറി അമിതാഭ് മിത്തല്‍ പറയുന്നു.
മാര്‍ച്ചില്‍, 48 സംസ്ഥാനങ്ങളിലെ 851 ക്ഷേത്രങ്ങളില്‍ 60 ദിവസം കൊണ്ട് 8,000 മൈലുകള്‍ താണ്ടി ഒരു രാം മന്ദിര്‍ രഥയാത്ര സംഘടിപ്പിച്ചിരുന്നു. ടൊയോട്ട സിയന്ന വാനിനു മുകളില്‍ നിര്‍മ്മിച്ച രഥത്തില്‍ രാമന്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍ എന്നീ പ്രതിമകളും അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്നുള്ള പ്രത്യേക പ്രസാദവും പ്രാണപ്രതിഷ്ഠാ പൂജിത് അക്ഷത്തിന്റെ കലശവും ഉണ്ടായിരുന്നുവെന്ന് അമിതാഭ് മിത്തല്‍ പറഞ്ഞു.
1981 മുതല്‍ ന്യൂയോര്‍ക്കില്‍ എല്ലാ വര്‍ഷവും ഇന്ത്യാ ദിന പരേഡ് നടക്കുന്നു. ഇത് ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിലെ ഏറ്റവും വലിയ ആഘോഷമാണ്. ന്യൂയോര്‍ക്കിലെ മിഡ്ടൗണിലെ ഈസ്റ്റ് 38-ആം സ്ട്രീറ്റില്‍ നിന്ന് ഈസ്റ്റ് 27-ആം സ്ട്രീറ്റ് വരെ നടക്കുന്ന വാര്‍ഷിക പരേഡ് കാണാനായി സാധാരണയായി 150,000-ത്തിലധികം ആളുകള്‍ എത്താറുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് (എഫ്‌ഐഎ) സംഘടിപ്പിക്കുന്ന പരേഡില്‍, വിവിധ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിക്കുന്ന നിരവധി ഫ്‌ലോട്ടുകളും സംസ്‌കാരത്തിന്റെ വൈവിധ്യവും ആസ്വദിക്കാനാകും.
ഈ വര്‍ഷം ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കൂട്ടം പുരോഹിതരുടെ നേതൃത്വത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമലല്ലയുടെ ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങുകള്‍ നടത്തിയത്.