തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കേരള വൈദ്യുത ബോര്‍ഡ് ഒപ്പുവെച്ച ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിനു പിന്നിലുള്ള അഴിമതിയെക്കുറിച്ച് വൈദ്യുത മന്ത്രി പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം.
ചെന്നിത്തലയുടെ മറ്റ് ചോദ്യങ്ങള്‍
കേരളത്തിന്റെ വൈദ്യുത വിതരണ രംഗത്തേക്ക് അദാനി ഗ്രൂപ്പിനെ കൊണ്ടുവരുന്നതിന്റെ ആദ്യപടിയായി 2021 ല്‍ കെ എസ് ഇ ബി അദാനി ഗ്രൂപ്പിന് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കേരളത്തിന് വെറും 4.29 രൂപയ്ക്ക് വൈദ്യുതി നല്‍കാനുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കാനുള്ള നീക്കം പടിപടിയായി ആരംഭിച്ചതും അദാനിയില്‍ നിന്നു വന്‍തുകയ്ക്കു വൈദ്യുതി വാങ്ങുന്നതിനുള്ള ഹ്രസ്വകാല കരാര്‍ ഒപ്പിട്ടതും. ഈ വിഷയം 2021 ല്‍ ഉയര്‍ത്തിയപ്പോള്‍ പ്രതിപക്ഷനേതാവ് ഇല്ലാ കാര്യങ്ങള്‍ പറയുന്നു എന്നല്ലേ മുഖ്യമന്ത്രി അടക്കമുള്ളവര്‍ എടുത്ത നിലപാട്…?
വില കുറഞ്ഞ വൈദ്യുതി വാങ്ങാനുള്ള കരാറില്‍ ക്രമക്കേടുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സംഘടിതമായ ശ്രമങ്ങള്‍ നടന്നു. തുടര്‍ന്നാണ് അത് റദ്ദാക്കിയത്. കരാറില്‍ ക്രമക്കേടുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റ കാലത്ത് ഈ കരാര്‍ റദ്ദാക്കിയില്ല? സര്‍ക്കാരിന്റെ ഈ ദുരൂഹമായ ‘ചങ്ങാത്ത കോര്‍പറേറ്റ് ‘നടപടികളിലൂടെ കേരളത്തിന്റെ വൈദ്യുതിബോര്‍ഡിനുണ്ടായ 3000 കോടിയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക?
2003 വൈദ്യുത ആക്ട് സെഷന്‍ 108 പ്രകാരം സര്‍ക്കാരിനുണ്ടായിരുന്ന നയപരമായ അധികാരം കളഞ്ഞു കുളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും?. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിന്റെ പിന്നിലെ അഴിമതികളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിനോ സി ബി ഐ അന്വേഷണത്തിനോ സര്‍ക്കാര്‍ തയ്യാറുണ്ടോ?