തിരുവനന്തപുരം: പി.വി. അന്‍വറിനോടുള്ള രാഷ്ട്രീയ വിരോധം മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലയോടു തീര്‍ക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അന്‍വറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മനസിലാക്കാം. പക്ഷേ, അക്കാര്യത്തില്‍ മലപ്പുറം ജില്ല എന്തുപിഴച്ചു? കരിപ്പൂര്‍ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്റെ വിലാസത്തില്‍ ചേര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
“ഈ സ്വര്‍ണക്കടത്ത് എല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവരുന്നെന്നും ന്യൂനപക്ഷസമുദായത്തില്‍ പെട്ടവരാണ് ഇതിന്റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്നകാര്യം കൂടി മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അങ്ങനെ കേസ് എടുത്തിട്ടില്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രിക്കു പറയാന്‍ സാധിക്കണം. അല്ലാതെ ഒരു എം.എല്‍.എയുമായുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുത്,” ചെന്നിത്തല വ്യക്തമാക്കി.