മലയാള സിനിമയിൽ പുതിയ വിവാദം. നടൻ ആസിഫ് അലിയിൽ നിന്നും നീരസത്തോടെ പുരസ്‌കാരം സ്വീകരിച്ച സംഗീതജ്ഞൻ രമേശ് നാരായണന്റെ വീഡിയോ ആണ് പുതിയ വിവാദത്തിന് കാരണം. വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ രമേശ് നാരായണനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിന്റെ ട്രെയ്‌ലർ ലോഞ്ച് വേളയിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത രംഗങ്ങൾ അരങ്ങേറിയത്.
സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ഹ്രസ്വചിത്രത്തിന്റെ സംഗീത സംവിധാനം രമേശ് നാരായൺ ആയിരുന്നു നിർവഹിച്ചത്. ഇതിനായി അദ്ദേഹത്തെ പുരസ്‌കാരം നൽകി ആദരിക്കുകയായിരുന്നു. ആസിഫിന്റെ കയ്യിൽ നിന്നും പുരസ്‌കാരം സ്വീകരിച്ച രമേശ് നാരായൺ നടന്റെ മുഖത്ത് നോക്കിയില്ല എന്ന് മാത്രമല്ല, ഹസ്തദാനം നൽകാൻ പോലും വിസമ്മതിച്ചു. ശേഷം സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ കയ്യിലേക്ക് പുരസ്‌കാരം വച്ച് കൊടുത്ത ശേഷം അത് സ്വീകരിക്കുകയായിരുന്നു. പൊതുവേദിയിൽ വച്ച് ആസിഫ് അലിയെ അപമാനിക്കുന്ന തരത്തിലെ പെരുമാറ്റമായിരുന്നു രമേശ് നാരായണന്റേത് എന്ന് സോഷ്യൽ മീഡിയയിൽ പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. അതിനിടയിൽ ആസിഫ് അലിയെ അപമാനിച്ചിട്ടില്ലെന്ന വിശദീകരണവുമായി രമേശ് നാരായൺ രംഗത്തെത്തി.
ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രമേശ് നാരായണന്റെ വിശദീകരണം. മെമെന്റോ നൽകി സീരീസിന്റെ ഭാഗമായി എല്ലാവരെയും ആദരിക്കുന്ന വേളയിൽ വേദിയിലേക്ക് ക്ഷണിച്ചതിൽ തന്റെ പേര് വിളിക്കാത്തതിൽ വിഷമം തോന്നിയെന്നും അതിലെ നീരസം ആണ് താൻ പ്രകടിപ്പിച്ചതെന്നുമാണ് രമേശ് നാരായൺ പറയുന്നത്. വേദിയിൽ കേട്ട പേര് സന്തോഷ് നാരായണൻ എന്നായിരുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു. ആസിഫ് അലിക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും രമേശ് നാരായൺ പറഞ്ഞു.