രാമേശ്വരം കഫേ സ്ഫോടനക്കേസ്: പ്രതിയുടെ പുതിയ സിസിടിവി ദൃശ്യം പുറത്തുവിട്ടു, വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് എൻഐഎ

ബെംഗളുരു: മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ സി സി ടി വി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) പുറത്തുവിട്ടു. മാർച്ച് മാസം ഒന്നാം തിയതി സ്ഫോടനത്തിന് മുമ്പ് എട്ട് മണിക്ക് നഗരത്തിലെ ഒരു സി സി ടി വിയിൽ പതിഞ്ഞ ദൃശ്യമാണ് എൻ ഐ എ പുറത്ത് വിട്ടത്. നഗരത്തിലൂടെ നടക്കുന്ന യുവാവ് ഗ്രേ കളർ ഷർട്ടും കറുപ്പ് ജീൻസുമാണ് ധരിച്ചിരിക്കുന്നത്. മുഖത്ത് മാസ്ക് ധരിച്ച പ്രതിയുടെ കയ്യിൽ ഒരു ബാഗ് ഉണ്ടെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 08029510900, 8904241100 എന്ന നമ്പറുമായോ info.blr.nia@gov.in എന്ന മെയിൽ ഐ ഡിയിലോ ബന്ധപ്പെടണമെന്ന് എൻ ഐ എ അറിയിച്ചു. അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻ ഐ എ അറിയിച്ചിട്ടുണ്ട്.

നേരത്തെ രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ദേശീയ അന്വേഷണ ഏജൻസി ഉറപ്പ് നൽകിയിട്ടുണ്ട്.

മാർച്ച് 1 ന് ഉച്ചയോടെയാണ് വൈറ്റ്ഫീൽഡിലെ കഫേയിൽ സ്ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേരുൾപ്പെടെ പത്ത് പേർക്കാണ് പരിക്കേറ്റത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ ആൾ ഉപേക്ഷിച്ച ബാ​ഗിലായിരുന്നു സ്ഫോടക വസ്തു ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് ഐ.ഇ.ഡി.യുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.

Rameshwaram cafe blast case NIA releases new cctv footage showing suspect, seeks public help