കടുത്ത എതിര്‍പ്പില്‍ പിടിച്ചുനില്‍ക്കാനായില്ല; സിദ്ദിഖിനു പിന്നാലെ രഞ്ജിത്തും രാജിവച്ചു

കൊച്ചി: ലൈംഗിക ആരോപണ വിധേയനായ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവച്ചു. സര്‍ക്കാരിന് രാജിക്കത്ത് കൈമാറി. രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു രാജി.

രഞ്ജിത്തിന്റെ രാജി ആവശ്യം ഉന്നയിച്ച് എല്‍ ഡി എഫിനുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് രാജിയിലേക്ക് വഴി വെച്ചത്. രഞ്ജിത്ത് മാറി നില്‍ക്കണമെന്ന് ചലച്ചിത്ര-രാഷ്ട്രീയ പ്രമുഖരായ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ രഞ്ജിത്തിന്റെ രാജി ഉടനുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ, ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു രഞ്ജിത്തിന്റെ യാത്ര. ഇദ്ദേഹം തങ്ങിയ വയനാട്ടിലെ റിസോര്‍ട്ടിലേക്കും പ്രതിഷേധക്കാര്‍ എത്തിയിരുന്നു. രഞ്ജിത്തിന്റെ ചാലപ്പുറത്തെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

പാലേരിമാണിക്യം ചിത്രത്തിനു വേണ്ടിയാണ് ബംഗാളി നടിയെ രഞ്ജിത്ത് കൊച്ചിയിലേക്ക് ക്ഷണിച്ചുവരുത്തിയത്. ഫ്ളാറ്റില്‍ വെച്ച് തന്റെ കൈകളിലും പിന്നീട് കഴുത്തിലും പിടിച്ചതായിട്ടാണ് ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ നിന്ന് സഹായം ലഭിച്ചാല്‍ കേസുമായി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും നടി ആവര്‍ത്തിച്ചു.

More Stories from this section

family-dental
witywide