രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളെന്ന് സർക്കാർ; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. രഞ്ജിത്തിനെതിരെയുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2009ല്‍ കുറ്റകൃത്യം നടക്കുമ്പോള്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു. 2013ൽ പുതിയ നിയമം അനുസരിച്ചാണ് ജാമ്യമില്ലാ കുറ്റമായതെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.

സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. സ്റ്റേഷനിൽ ഹാജരായി രഞ്ജിത്തിന് വ്യവസ്ഥകളോടെ ജാമ്യമെടുക്കാം. അന്വേഷണവുമായി സഹകരിക്കുമെന്ന് രജ്ഞിത്ത് കോടതിയെ അറിയിച്ചു. ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തത്.

അതേസമയം, പരാതിക്കാരിയുടെ ആരോപണത്തിൽ അവ്യക്തതയുണ്ടെന്നും, 2009 ൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2024 ലാണ് പരാതി നൽകുന്നതെന്നും രഞ്ജിത്ത് ഹർജിയിൽ ചൂണ്ടിക്കാട്ടി. സിനിമയിൽ അവസരം കിട്ടാതിരുന്നതിൽ നിരാശയിലായിരുന്ന നടി, ഹർജിക്കാരനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് നിന്നു നീക്കുന്നതിന് വേണ്ടി കരുതിക്കൂട്ടിയാണ് ആരോപണം ഉന്നയിച്ചത്. സംഭവം നടക്കുമ്പോൾ മറ്റു അണിയറ പ്രവർത്തകരും ഫ്ളാറ്റിലുണ്ടായിരുന്നുവെന്നും സിനിയെക്കുറിച്ച് പരാതിക്കാരിയുമായി സംസാരിച്ച അസോസിയേറ്റ് ഡയറക്ടർ ശങ്കർ രാമകൃഷ്ണന്റെ മൗനം സംശാസ്പദമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സംഭവം നടക്കുമ്പോൾ ആരോപിക്കപ്പെടുന്ന കുറ്റം ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നുവെന്നും ശിക്ഷ കൂടിയത് പുതിയ നിയമം അനുസരിച്ചാണെന്നും നിയമം നിലവിൽ വന്നത് 2013 ലാണെന്നും ഹർജിയിൽ രഞ്ജിത്ത് പറഞ്ഞു.

More Stories from this section

family-dental
witywide