ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ പ്രജ്വല്‍ രേവണ്ണയുടെ ഡിഎന്‍എ അതിജീവിതയുടെ വസ്ത്രത്തില്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം. അതിജീവിത ധരിച്ച അടിവസ്ത്രമാണ് പൊലീസ് പരിശോധനയ്ക്കയച്ചത്. ഈ പരിശോധനയിലാണ് അതിജീവിതയുടെ അടിവസ്ത്രത്തില്‍ നിന്ന് പ്രജ്വല്‍ രേവണ്ണയുടെ ഡിഎന്‍എ കണ്ടെത്തിയത്.
പ്രജ്വല്‍ രേവണ്ണയുടെ പീഡനത്തിനിരയായ അതിജീവിത സാരികളും അടിവസ്ത്രങ്ങളുമുടക്കം താമസ സ്ഥലത്ത് സൂക്ഷിച്ചിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു. ഈ വസ്ത്രം അലക്കിയിരുന്നില്ല. അതിജീവിതയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ വസ്ത്രങ്ങള്‍ കണ്ടെത്തി.
പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹോളെനരസീപുരയിലെ ഫാംഹൗസില്‍ പ്രജ്വല്‍ പീഡിപ്പിച്ച 48 വയസ്സുള്ള ജോലിക്കാരിയുടെ വസ്ത്രത്തില്‍ നിന്നാണ് തെളിവു ലഭിച്ചത്. ഫാം ഹൗസില്‍ ജോലിക്കാരുടെ ഔട്ട്ഹൗസിലെ അലമാരയില്‍ നിന്നു ലഭിച്ച വസ്ത്രങ്ങളാണ് ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയത്. പ്രജ്വല്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങളില്‍ ഒന്നില്‍ അതിജീവിത ധരിച്ചത് അതേ അടിവസ്ത്രമാണെന്ന് വ്യക്തമായി. തുടര്‍ന്ന് വസ്ത്രം ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. കേസില്‍ നിര്‍ണായകമാകുന്നതാണ് തെളിവെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.