ബലാത്സംഗ കേസിലെ പ്രതി റാം റഹീമിന് വീണ്ടും പരോൾ; നാല് വർഷത്തിനിടെ 9ാം പരോൾ

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം സിംഗിന് ഹരിയാന സർക്കാർ പരോൾ അനുവദിച്ചു. 50 ദിവസത്തേക്കാണ് പരോൾ. നാല് വർഷത്തിനിടെ ഒമ്പതാം തവണയാണ് ഇയാൾക്ക് പരോൾ അനുവദിക്കുന്നത്. നേരത്തെ, 2023 നവംബറിൽ 21 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

ബലാത്സംഗ-കൊലപാതക കേസുകളിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. 2017ൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും രണ്ട് യുവതികളെ പീഡിപ്പിച്ചകേസിലുമാണ് റാം റഹീം ശിക്ഷിക്കപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കിലെ സുനാരിയ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീമിന് ഇതുവരെ 9 തവണ പരോളും ഫർലോയും ലഭിച്ചിട്ടുണ്ട്.

രോഗിയായ അമ്മയെ സന്ദർശിക്കാനുള്ള അപേക്ഷ ഉൾപ്പെടെ വിവിധ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് റാം റഹീം പരോളിൽ ജയിൽ മോചിതനായിട്ടുള്ളത്. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പ്രമുഖരായ അനുയായികളുള്ള ആളാണ് 56 കാരനായ റാം റഹീം.

1948ൽ മസ്താ ബലോചിസ്താനി ആരംഭിച്ച ദേര സച്ച സൗദ എന്ന സംഘടനയുടെ തലവനാണ് റാം റഹീം. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഗുർമീതിനെ 20 വർഷം തടവിനാണ് ശിക്ഷിച്ചത്. ബലാത്സംഗത്തിലൂടെ സ്ത്രീകൾ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുർമീത് തൻറെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങൾക്ക് വിധേയരാക്കിയിരുന്നു. പിന്നീട് 2002-ൽ മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി, ദേര മാനേജർ രഞ്ജിത് സിംഗ് എന്നിവരെ കൊലപ്പെടുത്തിയതുൾപ്പെടെ രണ്ട് കൊലപാതക കേസുകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ഒടുവിൽ 2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്.

2021ൽ ദേര മാനേജരായിരുന്ന രഞ്ജിത് സിംഗിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലും റാം റഹീം ശിക്ഷിക്കപ്പെട്ടിരുന്നു. ഹരിയാന നല്ല പെരുമാറ്റ തടവുകാരുടെ (താത്കാലിക വിടുതൽ) നിയമം, 2022 അനുസരിച്ച്, ശിക്ഷിക്കപ്പെട്ട തടവുകാർക്ക് പതിവായി പരോൾ അനുവദിക്കാം. എന്നാൽ, ഒന്നിലധികം കൊലപാതകങ്ങൾ അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാർക്ക് പരോളിന് അർഹതയില്ല.

More Stories from this section

family-dental
witywide