മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ, കേരള ചരിത്രത്തില്‍ ഇതാദ്യം; അപൂർവ വിധിക്ക് പിന്നില്‍ എന്താണ് ?

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മാവേലിക്കര സെഷന്‍സ് കോടതി വിധി കേരളത്തിലെ നിയമ ചരിത്രത്തിൽ ആദ്യത്തേത്‌. ഒരു ക്രിമിനൽ കേസിൽ ഏറ്റവും കൂടുതൽ പേർക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമായിട്ടാണ്. വിചാരണ നേരിട്ട 15 പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര അഡി. സെഷൻസ് കോടതി വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലിക്കര കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ്റെ എല്ലാ വാദങ്ങളും കോടതി ശരിവച്ചു. എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ രഞ്ജിത്തിലെ വധിച്ചു എന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല. രഞ്ജിത്തിനെ വധിക്കാൻ പ്രതികൾ മുൻകൂട്ടി പദ്ധതിയിട്ടിരുന്നു എന്നും അവരുടെ കയ്യിൽ ഹിറ്റ്ലിസ്റ്റ് ഉണ്ടായിരുന്നെന്നും അതിലെ ആദ്യ പേര് രഞ്ജിത്തിൻ്റേതായിരുന്നു എന്നും തെളിവു നിരത്തി പ്രോസിക്യൂഷൻ വാദിച്ചു. കുറ്റകൃത്യം നടത്തുന്നതിനായി പ്രതികൾക്ക് പരിശീലനം ലഭിച്ചിരുന്നു എന്നും പ്രോസിക്യൂഷന് തെളിയിക്കാനായി.

22 പേരാണ് കേരളത്തിലെ വിവിധ ജയിലുകളിലായി വധശിക്ഷ കാത്ത് കഴിയുന്നത്. ഈയടുത്ത് വധശിക്ഷ വിധിച്ച ആലുവയിലെ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്കിനു പുറമേ സംസ്ഥാനത്തെ നാല് ജയിലുകളിലാണ് ഈ 21പേർ വധശിക്ഷ കാത്തു കഴിയുന്നത്. പൂജപ്പുരയിൽ-ഒൻപത്, വിയ്യൂരിൽ-അഞ്ച്, കണ്ണൂരിൽ-നാല്, വിയ്യൂർ അതിസുരക്ഷാ ജയിലിൽ-മൂന്ന് പേർ വീതം. മിക്കവരും ശിക്ഷായിളവിനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട്.

രാഷ്ട്രീയ കൊലപാതക കേസുകളിൽ അപൂർവമായിട്ടാണ് കോടതികൾ വധശിക്ഷ വിധിക്കാറുള്ളത്. കെടി ജയക്യഷ്ണൻ മാസ്റ്റർ വധക്കേസിലെ അഞ്ച് പ്രതികൾക്ക് തലശേരി അതിവേഗ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി അപ്പീൽ ശരിവക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. എന്നാൽ രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസല്ല, ഈ കേസിലെ വിധിയാണ് അപൂർവങ്ങളിൽ അപൂർവമായതെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. വിചാരണ നേരിട്ട മുഴുവൻ പേരെയും വധശിക്ഷയ്ക്ക് വിധിക്കുന്നത് അപൂർവ നടപടിയാണ്.

ക്രമിനൽ കേസില്‍ കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചാലും ഹൈക്കോടതി അനുമതി നൽകിയാൽ മാത്രമേ നടപടിക്രമങ്ങൾ പ്രകാരം വധശിക്ഷയാകുകയുള്ളു. അതിനാൽ രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച നടപടി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടുകയും പിന്നീട് ഹൈക്കോടതി അനുമതി നൽകുകയും വേണം. അതിനാൽ പ്രതികൾ അപ്പീൽ നൽകാതെ തന്നെ ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിയാണോയെന്ന് പരിശോധിക്കും. അതിന് ശേഷമായിരിക്കും ശിക്ഷ എന്ത് എന്നത് സംബന്ധിച്ച് തീരുമാനമാകുക.

Rarest of rare verdict in Ranjith Sreenivasan Murder case

More Stories from this section

family-dental
witywide