മുംബൈ: രത്തൻ ടാറ്റയ്ക്ക് വിട നൽകി രാജ്യം. വെർളി ശ്മശാനത്തിൽ പൂർണമായി ബഹുമതികളോടെയാണ് രാജ്യം രത്തൻ ടാറ്റയ്ക്ക് അന്ത്യ യാത്ര ഒരുക്കിയത്. രാവിലെ പത്ത് മണി മുതൽ മുംബൈയിലെ നാഷ്ണൽ സെൻറർ ഫോർ പെർഫോമിംഗ് ആർട്‌സിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയായിരുന്നു. വോർലി വൈദ്യുത ശ്മശാനത്തിൽ പാഴ്സി ആചാരപ്രകാരമായിരുന്നു സംസ്കാരം.
കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രത്തൻ ടാറ്റയുടെ അന്ത്യകർമങ്ങളിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ, മറ്റ് മന്ത്രിമാർ, അംബാനി സഹോദരങ്ങൾ ഉൾപ്പെടെ പ്രമുഖ ബിസിനസുകാർ തുടങ്ങിയവർ സ്ഥലത്ത് സന്നിഹിതരായിരുന്നു.
മഹാരാഷ്ട്രയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ത്രിവർണ്ണ പതാക പകുതി താഴ്ത്തിക്കെട്ടി. വിനോദ പരിപാടികൾ റദ്ദാക്കിയിരുന്നു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി 11.30 മണിയോടെയായിരുന്നു രത്തൻ ടാറ്റ അന്തരിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ബ്രീച്ച് കാണ്ടി ആശുപത്രിയിൽ വെച്ചായിരുന്നു രത്തൻ ടാറ്റയുടെ അന്ത്യം.