മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ അന്ത്യകര്‍മ്മങ്ങള്‍ വൈകിട്ട് നലുമണിയോടെ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് അന്ത്യകര്‍മങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി പങ്കെടുക്കും. നിലവില്‍, രത്തന്‍ ടാറ്റയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി മുംബൈയിലെ നരിമാന്‍ പോയിന്റിലെ NCPA ഗ്രൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്നു.
രത്തന്‍ ടാറ്റയുടെ അന്ത്യകര്‍മങ്ങള്‍ പാഴ്‌സി ആചാരപ്രകാരമായിരിക്കും നടക്കുക. പൊതുജനങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചതിനുശേഷം വോര്‍ളിയിലെ പാര്‍സി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുവരും. പ്രാര്‍ത്ഥനാ ഹാളില്‍ മൃതദേഹം ആദ്യം സൂക്ഷിക്കും. 200 ഓളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷ 45 മിനിറ്റോളം നീണ്ടുനില്‍ക്കും. പരമ്പരാഗത ‘ഗേ സാര്‍ണ’ അല്ലെങ്കില്‍ ഗാഥകളുടെ ആലാപനവും നടക്കും. പിന്നീട് ഒരു തുണിക്കഷണം രത്തന്‍ ടാറ്റയുടെ മുഖത്ത് വെച്ച്’അഹന്‍വേതി’യുടെ ആദ്യ സമ്പൂര്‍ണ്ണ അദ്ധ്യായം അല്ലെങ്കില്‍ സമാധാന പ്രാര്‍ത്ഥനകള്‍ വായിക്കും. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും.
ടാറ്റയുടെ അന്ത്യകര്‍മങ്ങള്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ദുഖാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും കൂടാതെ വിനോദ പരിപാടികളും സംഘടിപ്പിക്കില്ല.
ടാറ്റ സണ്‍സിന്റെ ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കുകയും ചെയ്ത മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റ ഇന്നലെ രാത്രിയോടെയാണ് വിട പറഞ്ഞത്. അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും രത്തന്‍ ടാറ്റയുടെ മരണത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല, അതിന്റെ ഘടനയെയും രൂപപ്പെടുത്തിയ, അസാമാന്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അസാധാരണ മനുഷ്യനായിരുന്ന രത്തന്‍ ടാറ്റയോട് ഞങ്ങള്‍ വിടപറയുന്നത് അഗാധമായ നഷ്ടബോധത്തോടെയാണെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടാറ്റയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ‘ദാര്‍ശനികനായ ബിസിനസ്സ് നേതാവെന്നും അനുകമ്പയുള്ള ആത്മാവെന്നും അസാധാരണ മനുഷ്യന്‍ എന്നുമാണ് മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.