പാചകക്കാരനേയും വളര്‍ത്തുനായയേയും പോലും മറന്നില്ല, 10,000 കോടി രൂപയിലധികം വരുന്ന ആസ്തി ആര്‍ക്കൊക്കെ ? രത്തന്‍ ടാറ്റയുടെ വില്പത്രം പുറത്ത്

മരണം വന്നുവിളിക്കും മുമ്പേ പ്രിയപ്പെട്ടവര്‍ക്കെല്ലാം കൃത്യമായ കരുതല്‍ ഒരുക്കിയാണ് വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റയുടെ വിടവാങ്ങല്‍. പരിധിയില്ലാത്ത സ്‌നേഹം സമ്മാനിച്ച വളര്‍ത്തുനായയ്ക്കും പാചകക്കാരനും ഉള്‍പ്പെടെ സമ്പാദ്യം വീതംവെച്ചാണ് അദ്ദേഹം മടങ്ങിയത്. ഒക്ടോബര്‍ 9-ന് 86-ാം വയസ്സില്‍ അന്തരിച്ച രത്തന്‍ ടാറ്റ നായകളോടുള്ള സ്നേഹത്തിന്റെ പേരിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍, ടാറ്റ പലപ്പോഴും തെരുവ് നായ്ക്കളുടെ ക്ഷേമത്തിനായി വാദിക്കുകയും അവരോട് അനുകമ്പ കാണിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഉപേക്ഷിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കായി വീടുകള്‍ കണ്ടെത്താന്‍ പോലും അദ്ദേഹം സ്വയം സമര്‍പ്പിക്കുകയും അവയുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

വില്‍പത്രത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്കുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ സാധാരണയാണെങ്കിലും ഇന്ത്യയില്‍ അപൂര്‍വമാണ്. ഏാതാനും വര്‍ഷം മുമ്പ് ടിറ്റോ എന്നു പേരിലുള്ള നായയുടെ മരണശേഷം ദത്തെടുത്ത നായയ്ക്കും ടിറ്റോയെന്നുതന്നെയായിരുന്നു പേര്. ദീര്‍ഘകാലമായി രത്തന്‍ ടാറ്റയ്‌ക്കൊപ്പം നിന്ന് നായ്ക്കളെ പരിചരിക്കുന്ന രാജന്‍ ഷാ തന്നെ ആ സ്ഥാനത്ത് തുടരണമെന്ന് വില്‍പത്രത്തില്‍ പറയുന്നു.

രത്തന്‍ ടാറ്റ തന്റെ 10,000 കോടി രൂപയിലധികം വരുന്ന ആസ്തിയുള്ള രത്തന്‍ ടാറ്റ അവ സഹോദരന്‍ ജിമ്മി ടാറ്റ, അര്‍ദ്ധസഹോദരിമാരായ ഷിറിന്‍, ഡീന ജെജീബോയ്, തന്റെ ഏതാനും സ്റ്റാഫുകള്‍ എന്നിവര്‍ക്കായി വീതം വച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ അലിബാഗിലെ 2,000 ചതുരശ്ര അടി ബീച്ച് ബംഗ്ലാവ്, മുംബൈയിലെ ജുഹു താരാ റോഡിലെ ഇരുനില വസതി, 350 കോടി രൂപയിലധികം സ്ഥിരനിക്ഷേപം എന്നിവ അദ്ദേഹത്തിന്റെ ആസ്തികളില്‍ ഉള്‍പ്പെടുന്നു. 165 ബില്യണ്‍ ഡോളറിന്റെ ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സില്‍ 0.83% ഓഹരിയും അദ്ദേഹത്തിനുണ്ട്.

ടാറ്റയുമായി മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധമുള്ള അദ്ദേഹത്തിന്റെ പാചകക്കാരന്‍ സുബ്ബയ്യയ്ക്കുള്ള വ്യവസ്ഥകളും വില്‍പത്രത്തില്‍ ഉള്‍പ്പെടുന്നു. ടാറ്റയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡുവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും വില്‍പത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നായിഡുവിന്റെ സംരംഭമായ ഗുഡ്‌ഫെല്ലോസിലെ തന്റെ ഓഹരി രത്തന്‍ ടാറ്റ ഉപേക്ഷിച്ചു. കൂടാതെ അദ്ദേഹത്തിന്റെ വിദേശ വിദ്യാഭ്യാസ ചെലവുകള്‍ ഒഴിവാക്കുകയും ചെയ്തു.

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് ഓഹരികള്‍ കൈമാറുന്ന ടാറ്റ ഗ്രൂപ്പിന്റെ പാരമ്പര്യം അനുസരിച്ച്, ടാറ്റ സണ്‍സിലെ അദ്ദേഹത്തിന്റെ ഓഹരികള്‍ രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷന് (ആര്‍ടിഇഎഫ്) കൈമാറും. ടാറ്റ സണ്‍സ് മേധാവി എന്‍ ചന്ദ്രശേഖരന്‍ ആര്‍ടിഇഎഫിന്റെ അധ്യക്ഷനാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. രത്തന്‍ ടാറ്റ മരിക്കുന്നത് വരെ താമസിച്ചിരുന്ന കൊളാബയിലെ ഹലേകായ് വീട് ടാറ്റ സണ്‍സിന്റെ അനുബന്ധ സ്ഥാപനമായ എവാര്‍ട്ട് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. അതിന്റെ ഭാവി നിശ്ചയിക്കുന്നത് എവാര്‍ട്ട് ആയിരിക്കും.

ടാറ്റയുടെ 30 ആഡംബര വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ഹാലെകായി വസതിയിലും കൊളാബയിലെ താജ് വെല്ലിംഗ്ടണ്‍ മ്യൂസ് സര്‍വീസ് അപ്പാര്‍ട്ടുമെന്റുകളിലുമാണ്. ഇവ ടാറ്റ ഗ്രൂപ്പിന്റെ പൂനെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കണോ, അതോ ലേലം ചെയ്യണോ എന്നതില്‍ തീരുമാനം ആയിട്ടില്ല. കടല്‍ത്തീരത്തെ അഭിമുഖീകരിക്കുന്ന കാല്‍ ഏക്കര്‍ പ്ലോട്ടിലുള്ള ജുഹു സ്വത്ത്, പിതാവ് നേവല്‍ ടാറ്റയുടെ മരണത്തെത്തുടര്‍ന്ന് രത്തന്‍ ടാറ്റയ്ക്കും കുടുംബത്തിനും അവകാശമായി ലഭിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി ഇത് അടച്ചിട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു, അതിന്റെ വില്‍പ്പനയെക്കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഇക്കാര്യങ്ങളൊക്കെ ബോംബെ ഹൈക്കോടതി വിശദമായി പരിശോധിച്ച ശേഷമായിരിക്കും പ്രാബല്യത്തില്‍ വരുക

More Stories from this section

family-dental
witywide