കൈക്കുഞ്ഞിനെ എലികള്‍ ആക്രമിച്ചു, പിതാവിന് 16 വര്‍ഷത്തെ തടവ് ശിക്ഷ

ഇവാന്‍സ്വില്ലെ(ഇന്ത്യാന) : ആറുമാസം പ്രായമുള്ള കുഞ്ഞിനെ എലി ആക്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യാനക്കാരന്‍ പിതാവിന് 16 വര്‍ഷത്തെ തടവ് ശിക്ഷ. ഡേവിഡ് ഷോനാബോമിനെയാണ് കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയാതിരുന്നതിന് ശിക്ഷിച്ചത്.

സെപ്റ്റംബറില്‍ ജൂറി, ഷോനാബോമിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് ശിക്ഷാവിധി എത്തിയത്.

2023 സെപ്റ്റംബറിലാണ് സംഭവം. കുട്ടിയെ എലി ആക്രമിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ 911 എന്ന നമ്പറില്‍ വിളിച്ചതിനെത്തുടര്‍ന്നാണ് കേസിന്റെ തുടക്കം. കുട്ടിയെ സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് മനസിലാക്കിയ പൊലീസ് ഷോനാബോമിനെയും ഭാര്യ ഏഞ്ചല്‍ ഷോനാബോമിനെയും അറസ്റ്റ് ചെയ്തു. 29 കാരിയായ ഏഞ്ചല്‍ വിചാരണയ്ക്കിടെ കുറ്റസമ്മതം നടത്തിയിരുന്നു. ഏഞ്ചലിന്റെ ശിക്ഷ ഒക്ടോബര്‍ 24ന് വിധിക്കും.

കുഞ്ഞിന് എലികളുടെ 50-ലധികം കടിയേറ്റിട്ടുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയുടെ മുഖത്തും വായിലും കടിയേറ്റിട്ടുണ്ട്. വലത് കൈ വിരലുകള്‍ക്ക് സാരമായി പരുക്കേറ്റിരുന്നു.