കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന തീരുമാനവുമായി റിസര്‍വ് ബാങ്ക്. ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാന്‍ നിര്‍ദേശിക്കാനാകില്ലെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.
മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവില്‍ സാധ്യതമായ വഴിയെന്നും ഇക്കാര്യത്തില്‍ അതത് ബാങ്കുകള്‍ക്ക് ആവശ്യമായ തിരുമാനം എടുക്കാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് നല്‍കിയ കത്തിനാണ് റിസര്‍വ് ്ബാങ്കിന്റെ മറുപടി എത്തിയത്.
കേരളത്തെ കണ്ണിരിലാഴ്ത്തിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരും നേരത്തെ വ്യക്തമാക്കിയിരുന്നു. മുണ്ടക്കൈ- ചുരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തു നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ പ്രകാരം സാധിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.