
ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യുകെയിൽ നിന്ന് 100 ടണ്ണിലധികം സ്വർണം ഇന്ത്യയിലേക്ക് മാറ്റി. ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറില്‍ ഉണ്ടായിരുന്ന രാജ്യത്തിന്റെ സ്വർണമാണ് ഇന്ത്യയില്‍ എത്തിച്ചത്. വിദേശത്തെ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ ഏകദേശം നാലില്‍ ഒരു ഭാഗമാണ് ഇത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സ്വർണം ഇന്ത്യയില്‍ എത്തിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് അവസാനം, ആർബിഐയുടെ പക്കൽ 822.1 ടൺ സ്വർണം ഉണ്ടായിരുന്നു, അതിൽ 413.8 ടൺ വിദേശത്തായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.5 ടൺ സ്വർണം കൂട്ടിച്ചേർത്ത്, സമീപ വർഷങ്ങളിൽ സ്വർണം വാങ്ങിയ സെൻട്രൽ ബാങ്കുകളിൽ ഒന്നാണിത്. 100.3 ടണ്‍ സ്വർണം മാത്രമാണ് ഇന്ത്യയിലെ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.
പല വിദേശ രാജ്യങ്ങളും തങ്ങളുടെ സ്വർണം സൂക്ഷിച്ചിരിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്‌ളണ്ടില്‍ ആണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വിദേശത്തുള്ള സ്വർണത്തിന്റെ നല്ലൊരു പങ്കും സൂക്ഷിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്‌ളണ്ടില്‍ ആണ്. ബാങ്ക് ഓഫ് ഇംഗ്‌ളണ്ടില്‍ സൂക്ഷിച്ചിരുന്നതില്‍ നിന്ന് 100 ടണ്‍ സ്വർണവും ആണ് ഇന്ത്യയില്‍ എത്തിച്ചത്.