ബംഗളൂരു: ഐ പി എലിലെ വമ്പൻ സ്കോർ കണ്ട മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നിൽ മുട്ടുമടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇരുവശത്തും അടിയോടടി കണ്ട മത്സരത്തിൽ 25 റൺസിനാണ് ബംഗളൂരു തോല്‍വി സമ്മതിച്ചത്. ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോറായ 287 റണ്‍സ് സൺറൈസസ് അടിച്ചുകൂട്ടിയപ്പോൾ ആര്‍ സി ബി 262 റൺസാണ് തിരിച്ചടിച്ചത്. സണ്‍റൈസേഴ്‌സിനായി ട്രാവിസ് ഹെഡും ഹെൻറിച്ച് ക്ലാസനും ബൗളർമാരെ പഞ്ഞിക്കിട്ടപ്പോൾ ആർ സി ബിക്കായി പോരാടിയത് ദിനേശ് കാർത്തിക്കും ഡുപ്ലസിയും വിരാട് കോലിയുമായിരുന്നു. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 287-3, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 262-7.
288 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ആർ സി ബി 122 ന് അഞ്ച് എന്ന നിലയില്‍ തകർന്നപ്പോൾ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് 83(35) നടത്തിയ അവിസ്മരണീയ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. വന്‍ ലക്ഷ്യം പിന്തുടര്‍ന്ന ബംഗളൂരുവിനായി നല്ല തുടക്കമാണ് വിരാട് കോഹ്ലി 42(20), ഫാഫ് ഡുപ്ലസിസ് 62(28) സഖ്യം നല്‍കിയത്. എന്നാല്‍ പിന്നീട് വന്ന വില്‍ ജാക്‌സ് 7(4), രജത് പാട്ടീദാര്‍ 9(5), സൗരവ് ചൗഹാന്‍ 0(1) എന്നിവര്‍ തിളങ്ങിയില്ല. മഹിപാല്‍ ലോംറോര്‍ 19(11) റണ്‍സ് നേടി പുറത്തായി.
നേരത്തെ വന്നവരും പോയവരും ബൗളര്‍മാരെ എടുത്തിട്ട് തല്ലിയപ്പോള്‍ ഐ പി എൽ ചരിത്രത്തിലെ നാണക്കേടിന്‍റെ റെക്കോഡാണ് മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ആര്‍ സി ബി സ്വന്തമാക്കിയത്. 20 ഓവറില്‍ ബംഗളൂരുവിനെതിരെ സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 287 റണ്‍സായിരുന്നു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തത് ആർ സി ബിക്ക് തിരിച്ചടികളായിരുന്നു കാത്തിരുന്നത്. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ് 102(41), അഭിഷേക് ശര്‍മ്മ 34(22) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ അടിച്ചെടുത്തത് 108 റണ്‍സ്. അഭിഷേക് പുറത്തായപ്പോള്‍ ക്രീസിലെത്തിയ ഹെൻറിച്ച് ക്ലാസൻ അതിലും അപകടകാരിയായിരുന്നു. 31 പന്തില്‍ ഏഴ് സിക്‌സറുകള്‍ സഹിതം ദക്ഷിണാഫ്രിക്കന്‍ താരം അടിച്ചെടുത്തത് 67 റണ്‍സാണ്. ഇന്നത്തെ തോൽവിയോടെ ആർ സി ബിയുടെ പ്ലേ ഓഫ് സാധ്യതകൾ കൂടിയാണ് മങ്ങിയത്. സീസണിൽ ആറാം തോല്‍വിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ഏറ്റുവാങ്ങിയത്.
RCB vs SRH HIGHLIGHTS, IPL 2024: Sunrisers thump Bengaluru with record-breaking T20 score, Karthik’s 81 in vain