ഗാസയിൽ ഇസ്രയേൽ വെടിനിർത്തലിന് തയാറാവുകയാണെങ്കിൽ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ്. ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതോടെയാണ് ഒരു വെടിനിർത്തൽ ചർച്ചയ്ക്ക് ഇസ്രായേൽ തയാറാകുന്നത്. ഹമാസ് തലവൻ കൊല്ലപ്പെട്ടതോടെ ഒരു കരാറിന് സാധ്യതയുണ്ടെന്ന് അമേരിക്കയും വിലയിരുത്തിയിരുന്നു.ഗാസയിൽ വെടിനിർത്തൽ കരാർ കൊണ്ടുവരാൻ കെയ്റോയിൽ ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയതായി ഹമാസ് അറിയിച്ചു. ആക്രമണം അവസാനിപ്പിക്കാൻ ഹമാസ് തയാറാണ്. എന്നാൽ ഗാസ മുനമ്പിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കണം. ഗാസയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനും, മനുഷ്യാവകാശ സഹായങ്ങൾ എത്തിക്കാനും സാധിക്കണം. രണ്ടു വിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്റെ അടിസ്ഥാനത്തിൽ വിട്ടയക്കണം എന്നിങ്ങനെയാണ് ഹമാസ് മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ.
ഹമാസ് ബന്ദികളാക്കിയ ആളുകളെ വിട്ടുകിട്ടുന്നത്തിനായി ഒരു കരാർ ഉണ്ടാക്കാൻ ഈജിപ്തിന്റെ ഭാഗത്തുനിന്നുമുള്ള ഈ ശ്രമം സ്വാഗതാർഹമാണ് എന്ന് ഇസ്രയേലും പ്രതികരിച്ചു.
കെയ്റോയിൽ നടന്ന ചർച്ചകൾക്കു ശേഷം വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറുമായി ചർച്ച നടത്താൻ മൊസാദിന്റെ പ്രതിനിധികളെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞയച്ചു എന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം.
ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം ഇനി ഖത്തർ കേന്ദ്രീകരിച്ചാകും നടക്കുക എന്നാണ് അമേരിക്കയും ഖത്തറും അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ദോഹയിൽ ഖത്തർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയിൽ നിന്നും ഇസ്രായേൽ പിന്മാറുക, ഹമാസ് വീണ്ടും ശക്തരാകാതിരിക്കുക, പലസ്തീനിലെ ജനങ്ങൾ സമാധാനപൂർണമായ സാധാരണ ജീവിതത്തിലേക്ക് മടങ്ങുക – ഈ ലക്ഷ്യങ്ങളോടെയുള്ള ഒരു കരാറിലേക്ക് എത്തുക എന്നതാണ് പ്രധാനമെന്ന് ബ്ലിങ്കൻ പറഞ്ഞത്.
ചർച്ചകൾക്ക് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസ്സിം അൽ താനി നേതൃത്വം നൽകുമെന്നാണ് അറിയുന്നത്. ഹമാസ് തലവനായ യഹിയ സിൻവാറിനെ ആണ് ഇസ്രായേൽ ഒരു പ്രധാന തടസമായി കണ്ടിരുന്നത്. സിൻവർ ഉള്ള കാലത്തോളം ഗാസയിൽ ഹമാസ് തടവിലാക്കിയ ആളുകളെ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്താൻ സാധിക്കില്ല എന്ന് ഇസ്രയേലി-യുഎസ് അധികാരികൾ കരുതിയിരുന്നു. ആകെ 97പേരെയാണ് ഹമാസ് ഇനി വിട്ടയക്കേണ്ട ബന്ദികൾ . അതിൽ 34പേർ ഇതിനോടകം മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നു.
വ്യാഴാഴ്ച ലണ്ടനിലെത്തിയ ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ജോർദാന്റെയും യുഎഇയുടെയും വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാത്തിയെയും ബ്ലിങ്കൻ നേരിൽ കണ്ടേക്കും.
Ready To Stop Fighting If Israel Accepts Gaza Ceasefire says Hamas