എ. സി. ജോർജ്
ഹൂസ്റ്റൺ: ഓഗസ്റ്റ് 15, വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഹൂസ്റ്റൻ ചാപ്റ്റർ ആഭിമുഖ്യത്തിൽ ഗ്രെയ്റ്റർ ഹൂസ്റ്റൺ പൗരാവലി ഡോ.മാത്യു കുഴൽനാടൻ എംഎൽഎക്ക് ഉജ്ജ്വലമായ വരവേൽപ്പ് നൽകി. ഫോമാ, ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ, മലയാളി അസോസിയേഷൻ സീനിയർ സിറ്റിസൺ ഫോറം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഇൻഡൊ അമേരിക്കൻ പ്രസ് ക്ലബ്, നേഴ്സസ് അസോസിയേഷൻ, ഹൂസ്റ്റൻ ക്രിക്കറ്റ് അസോസിയേഷൻ, ടെക്സാസ് കൺസർവേറ്റീവ് ഫോറം, കേരളാ ഡിബേറ്റ് ഫോറം, കോതമംഗലം ക്ലബ്, സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്, കേരളാ ലിറ്റററി ഫോറം, തുടങ്ങിയ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഹൂസ്റ്റൻ പൗരാവലി സ്വീകരണ സമ്മേളനത്തിൽ എത്തിയിരുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൻ ചാപ്റ്റർ പ്രസിഡൻറ് തോമസ് ഒലിയാൻകുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഷിബി റോയി (മല്ലു കഫെ റേഡിയോ) അവതാരകയായിരുന്നു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസും, മറ്റു വിവിധ സംഘടനകളും, ഹൂസ്റ്റൻ മലയാളി പൗരാവലിയും തനിക്ക് നൽകുന്ന സ്നേഹ നിർഭരമായ സ്വീകരണത്തിന് നന്ദി അർപ്പിച്ചു കൊണ്ടാണ്, ഡോക്ടർ മാത്യു കുഴൽനാടൻ പ്രസംഗം ആരംഭിച്ചത്. താൻ പ്രതിനിധാനം ചെയ്യുന്ന മൂവാറ്റുപുഴ നിയോജകമണ്ഡലം നിവാസികളുടെ ആശംസയും അർപ്പിക്കാൻ അദ്ദേഹം മറന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ഒരിക്കൽക്കൂടെ ആചരിക്കുന്ന ഈവേളയിൽ, ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മഹത്തായ ആശയങ്ങളും ലക്ഷ്യങ്ങളും വച്ചുകൊണ്ടു തന്നെയായിരിക്കും തൻറെ രാഷ്ട്രീയ പ്രവർത്തനം. പല കാരണങ്ങളാൽ ഇന്ത്യയിൽ രാഷ്ട്രീയ പ്രവർത്തകരെ അവിടത്തെ ജനങ്ങൾ ഇപ്പോൾ വിശ്വാസത്തിൽ എടുക്കാതായി. അവരെ ഒരിക്കലും ഞാൻ കുറ്റപ്പെടുത്തുന്നില്ല. ജനങ്ങളിൽനിന്ന് രാഷ്ട്രീയക്കാരും, ജനപ്രതിനിധികളും അകന്നു വഴിമാറി ചിന്തിക്കുന്നത് കൊണ്ടും പ്രവർത്തിക്കുന്നതു കൊണ്ടും മാത്രമാണ് ജനങ്ങൾ അപ്രകാരം അഭിപ്രായപ്പെടുന്നത്. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ചില ഭരണാധികാരികൾ ജനാധിപത്യത്തിൻറെ തന്നെ പഴുതുകളിലൂടെ ഏകാധിപതികളായി മാറിക്കൊണ്ടിരിക്കുന്നു. അവരിൽ ചിലർ ജനപ്രതിനിധികളോ ജനസേവകരോ അല്ലാതെ ജനത്തെ അടക്കി ഭരിക്കുന്ന ഒരുതരം ഏകാധിപത്യ പ്രവണതകൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരുപക്ഷേ ജനങ്ങൾ ഇത്തരം ജനാധിപത്യത്തെയും, ഇത്തരം രാഷ്ട്രീയപ്രവർത്തകരെയും വെറുക്കുന്നത്. അഴിമതിക്കും, തെറ്റായ മാസപടി കൊള്ള വരുമാനങ്ങൾക്കും എതിരെ ശബ്ദിക്കും പോരാടും. തൽഫലമായി താൻ നേരിടേണ്ടി വരുന്ന പകപോക്കൽ അല്ലെങ്കിൽ പ്രത്യാരോപണങ്ങളെയും താൻ ഭയക്കുന്നില്ല. ജനാധിപത്യത്തിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നവരുടെ കുൽസിത പ്രവർത്തനങ്ങളെ തടയാൻ താൻ പരമാവധി ശ്രമിക്കും. ആ ദിശയിൽ തനിക്ക് പൊതുജനങ്ങളിൽ നിന്ന് കിട്ടുന്ന പിന്തുണ വിലയേറിയത് തന്നെയാണ്. – കുഴൽനാടൻ പറഞ്ഞു.
സുദീർഘമായ ഡോക്ടർ മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രസംഗത്തിനുശേഷം യോഗത്തിൽ നിന്ന് ഉയർന്ന ചോദ്യങ്ങൾക്കും അദ്ദേഹം സമുചിതമായ മറുപടി പറയുകയുണ്ടായി. അദ്ദേഹത്തിൻറെ നിയോജകമണ്ഡലത്തിൽ മൂവാറ്റുപുഴ നിർമ്മല കോളേജിലും, അതുപോലെ അദ്ദേഹത്തിൻറെ ഗ്രാമമായ പൈങ്ങോട്ടൂർ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലുംപ്രാർഥിക്കാൻ സ്ഥാപനത്തിൽ തന്നെ മുറിയും സ്ഥലവും ആവശ്യപ്പെട്ടുകൊണ്ട് ചില വിദ്യാർത്ഥിനികൾ ഉണ്ടാക്കിയ പ്രശ്നങ്ങളെ പറ്റിയും അദ്ദേഹം പ്രതികരിച്ചു. വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ വരുന്നത് പഠിക്കുവാൻ അല്ലെങ്കിൽ വിദ്യാഅഭ്യാസിക്കുവാൻ ആണല്ലോ. അല്ലാതെ പ്രാർത്ഥിക്കുവാൻ അല്ലല്ലോ. പിന്നെ മനസ്സുകൊണ്ട് ഏകാഗ്രമായി എപ്പോൾ വേണമെങ്കിലും എവിടെവച്ചും പ്രാർത്ഥിക്കാമല്ലോ. പിന്നെ പ്രാർത്ഥിക്കുവാനുള്ള പ്രത്യേക സ്ഥലം അവനവൻറെ ദേവാലയങ്ങളോ, സ്വന്തം ഭവനങ്ങളോ ആയിരിക്കണം. അദ്ദേഹം പറഞ്ഞു.
ഒരു വൻ ദുരന്തം ഒഴിവാക്കാൻ സത്വരമായി മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസിനു വേണ്ടി ഡോക്ടർ മാത്യു വൈരമൺ അവതരിപ്പിച്ച പ്രമേയം ജനം കയ്യടിച്ചു പാസാക്കി. പ്രമേയം ഡോക്ടർ മാത്യു കുഴൽനാടനു കൈമാറി.
ടെക്സസിലെ, ഒരുപക്ഷെ അമേരിക്കയിലെ തന്നെ പ്രമുഖനായ മലയാളി കർഷകൻ ഡോക്ടർ മാണി സ്കറിയ “രാമച്ചം” എന്ന ചെടി മണ്ണിനേയും പ്രകൃതിയേയും ഒരുപരിധി വരെ എങ്ങിനെ സംരക്ഷിക്കും എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണം നടത്തി. .
സ്റ്റാഫോർഡ് മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലീ മാത്യു, എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു. വിവിധ സംഘടനകളേയും, പ്രസ്ഥാനങ്ങളേയും പ്രതിനിധികരിച്ചുകൊണ്ട് ശശിധരൻ നായർ, ബേബി മണക്കുന്നേൽ, ടോം വിരിപ്പൻ, ബിജു ഇട്ടൻ, മൈസൂർ തമ്പി, ജോയ് സാമുവൽ,വർഗീ സ് രാജേഷ് മാത്യു, ജോർജ് കാക്കനാട്, ഫാൻസിമോൾ പള്ളാത്തുമഠം, അനിൽകുമാർ ആറന്മുള, S.K. ചെറിയാൻ, പൊന്നു പിള്ള, പൊടിയമ്മ പിള്ള, ജെയിംസ് വെട്ടിക്കനാൽ, രാജേഷ് മാത്യു, ജോർജ് ജോസഫ്, ബേബി ഊരാളിൽ, ഷാജി എഡ്‌വേർഡ്, ഇന്നസെൻഡ് ഉലഹന്നൻ, ഡോക്ടർ മാത്യു കുഴൽനാടൻ MLA യുടെ ഗ്രാമവാസിയും മുവാറ്റുപുഴ- പൈങ്ങോട്ടൂർ സ്വദേശിയുമായ എ.സി.ജോർജ് തുടങ്ങിയവർ വേദിയിലെത്തി ആശംസകളർപ്പിച്ചു.