തിരഞ്ഞെടുപ്പ് കാലത്തെ കൊടുങ്കാറ്റുകൾ ; നുണയുടെ പെരുമഴയും ഗൂഡാലോചന സിദ്ധാന്തങ്ങളും

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മൂന്നാഴ്ചകൾ മാത്രം ബാക്കി നിൽക്കെ അമേരിക്കയെ ബാധിക്കുന്ന എന്തുകാര്യവും വോട്ടുകളെ സ്വാധീനിക്കും എന്നതിനാൽ ഇരു പാർട്ടികളും ഓരോ സംഭവങ്ങളെയും കരുതലോടെയാണ് കൈകാര്യം ചെയ്യുന്നത്. ഹെലീൻ , മിൽട്ടൻ ചുഴലിക്കാറ്റുകൾ അമേരിക്കയിൽ ആഞ്ഞു വീശുകയും ആ ദുരന്തത്തിൽ ഇരകളായി ഒരുപാട് പേരുടെ ജീവൻ നഷ്ടമാവുകയും കോടികളുടെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ രാഷ്ട്രീയത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന് ചുഴലിക്കാറ്റുകൾ തന്നെ. ദുരന്തത്തെ വോട്ടാക്കാനാണ് ഇരുപാർട്ടികളുടേയും ശ്രമം. ബൈഡൻ നേരത്തേ തീരുമാനിച്ചിരുന്ന വിദേശയാത്രകൾ റദ്ദാക്കി ദുരന്ത നിവാരണ നിർദേശങ്ങളുമായി മുന്നോട്ടുപോവുകയാണ് കമലാ ഹാരിസ് പ്രചാരണ പരിപാടികളിൽ മാറ്റം വരുത്തി ദുരിത ബാധിത മേഖലതളിലേക്കു കൂടി യാത്ര നീട്ടിയിരിക്കുകയാണ്.

ട്രംപിൻ്റെ ആയുധം മറ്റൊന്നാണ് . ദുരിത ബാധിതരായ റിപ്പബ്ലിക്കൻമാർക്ക് സഹായം നൽകുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ആദ്യ ആരോപണം. റിപ്പബ്ലിക്കൻ ദുരന്തബാധിതർക്കുള്ള സഹായം ഫെഡറൽ ഗവൺമെൻ്റ് മനഃപൂർവം തടഞ്ഞുവയ്ക്കുകയാണെന്ന് തെറ്റായി പറഞ്ഞതുൾപ്പെടെ, ട്രംപ് തെറ്റായ അവകാശവാദങ്ങളുടെ ഒരു പരമ്പര തന്നെ നടത്തിയിട്ടുണ്ട്. ഫെഡറൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസിയുടെ പണം തീർന്നുവെന്നും ആ പണമെല്ലാം അനധികൃത കുടിയേറ്റക്കാർക്കുള്ള പദ്ധതിയിലേക്ക് പോയെന്നുമായിരുന്നു അടുത്ത ആരോപണം. എന്നാൽ ഇത് ശരിയല്ല എന്ന് ബൈഡനും കമലാ ഹാരിസും വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തബാധിതരെ സർക്കാർ സഹായിക്കുമെങ്കിലും അവരുടെ സ്വത്തുകളെല്ലാം ക്രമേണ സർക്കാർ കൊണ്ടുപോകും എന്നാണ് മറ്റൊരു പ്രചാരണം. ഇതുമൂലം നഷ്ടങ്ങൾ സംഭവിച്ച പലരും നഷ്ടപരിഹാരത്തിനായി സർക്കാരിനെ സമീപിക്കാൻ ഭയക്കുകയാണ്.

ജോർജിയ റിപ്പബ്ലിക്കൻ പ്രതിനിധി മാർജറി ടെയ്‌ലർ ഗ്രീൻ്റെ ഗൂഡാലോചന സിദ്ധാന്തമാണ് ഇതിൽ ഏറ്റവും മനോഹരം. കാലവസ്ഥയെ നിയന്ത്രിക്കുന്നത് ഫെഡറൽ ഗവണമെൻ്റാണ് എന്നാണ് ഇവരുടെ വാദം. “അതെ അവർക്ക് കാലാവസ്ഥയെ നിയന്ത്രിക്കാൻ കഴിയും. ആരെങ്കിലും കള്ളം പറയുകയും അത് ചെയ്യാൻ കഴിയില്ലെന്ന് പറയുകയും ചെയ്യുന്നത് പരിഹാസ്യമാണ്. ”. എക്സിൽ അവർ കുറിച്ചത് ഇങ്ങനെയാണ്.

ഇതിനു മുമ്പ് കാട്ടു തീ പടർന്നപ്പോഴും ഗ്രീൻ സമാനവാദവുമായി വന്നിരുന്നു. ബഹിരാകാശത്തുനിന്ന് ഏതോ രാജ്യം അയച്ച ലേസർ രശ്മികളാണ് കാട്ടു തീ ഉണ്ടാക്കിയത് എന്നായിരുന്നു അന്ന് അവരുടെ വാദം. ഇവർക്ക് തലയ്ക്ക് നല്ല സുഖമില്ല എന്ന നിലയിൽ ഇവരുടെ പാർട്ടിയിലെ നേതാക്കൾതന്നെ പ്രതികരിച്ചിട്ടുണ്ട്.

പ്രസിഡൻ്റ് ജോ ബൈഡൻ ഉറങ്ങുകയാണെന്നും ജോർജിയ ഗവർണർ ബ്രയാൻ കെമ്പിൻ്റെ കോളുകളോട് പ്രതികരിക്കുന്നില്ലെന്നും ട്രംപ് കഴിഞ്ഞയാഴ്ച ജോർജിയയിലെ വാൽഡോസ്റ്റ സന്ദർശന വേളയിൽ പറഞ്ഞിരുന്നു. വാസ്തവത്തിൽ, ബൈഡൻ കെമ്പുമായി സംസാരിച്ചിരുന്നു – ഫ്ലോറിഡ ഗവർണർ റിപ്പബ്ളിക്കൻ റോൺ ഡിസാൻ്റിസും സമാന ആരോപണങ്ങളുമായി കമല ഹാരിസിനു നേരെ തിരിഞ്ഞിരുന്നു.

ഇതിനെല്ലാം എതിരെ കഴിഞ്ഞ ദിവസം ജോ ബൈഡൻ ആഞ്ഞടിച്ചിരുന്നു.

‘കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി, തെറ്റായ വിവരങ്ങളുടെയും പൂർണ്ണമായ നുണകളുടെയും അശ്രദ്ധവും നിരുത്തരവാദപരവുമായ നിരന്തര പ്രചാരണം നടക്കുന്നു, അത് ആളുകളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. രക്ഷാപ്രവർത്തകരുടെ ആത്മവിശ്വാസത്തെ ഇത് ദുർബലപ്പെടുത്തുന്നു, സഹായം ആവശ്യമുള്ളവർക്ക് ഇത് ദോഷകരമായി ബാധിക്കുന്നു. ” ബൈഡൻ പറഞ്ഞു.

“എന്തൊരു പരിഹാസ്യമായ കാര്യമാണ് പറയുന്നത്,” അനധികൃതമായി കുടിയേറ്റക്കാർക്കായി ഫണ്ട് വകമാറ്റുന്നു എന്ന തെറ്റായ കിംവദന്തികളെക്കുറിച്ച് ബൈഡൻ പ്രതികരിച്ചത് ഇങ്ങനെയാണ്.

Reckless hurricane misinformation and disinformation Affects Us Elections

More Stories from this section

family-dental
witywide