ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് തങ്ങളുടെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ആരോപണംതള്ളി അദാനി ഗ്രൂപ്പ്. യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളാണ് അദാനി ഗ്രൂപ്പ് തള്ളിയത്. റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്നും വ്യക്തിഗത ലാഭത്തിനുവേണ്ടി തയ്യാറാക്കിയ റിപ്പോർട്ടാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു.
നേരത്തെ ആരോപിച്ച കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ഹിൻഡെൻബർഗ് പുറത്തുവിട്ടതെന്നും ഇത് അടിസ്ഥാനരഹിതമെന്ന് സുപ്രീം കോടതി തന്നെ കണ്ടെത്തി തള്ളിക്കളഞ്ഞതാണെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി. പൊതുവായി ലഭിക്കുന്ന വിവരങ്ങളിൽ കൃത്രിമത്വം ഉണ്ടാക്കി റിപ്പോർട്ട് തയ്യാറാക്കിയതാണെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. ഇന്നലെയാണ് ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തൽ പുറത്ത് വരുന്നത്.
ഹിൻഡൻബെർഗിന്റെ റിപ്പോർട്ട് ഇന്ത്യൻ നിയമങ്ങളെ പൂർണ്ണമായും അവഹേളിക്കുന്നതും വസ്തുതകളെ അവഗണിച്ച് വ്യക്തിഗത ലാഭത്തിനായി നേരത്തെ നിശ്ചയിച്ച നിഗമനങ്ങളോടെ തയ്യാറാക്കിയതാണെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ തള്ളി സെബി ചെയർപഴ്സന്‍ മാധബി ബുച്ചും രംഗത്തെത്തിയിരുന്നു. തന്റെയും ഭർത്താവിന്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണെന്നും ഏത് ഏജൻസിക്കും ഇത് സംബന്ധിച്ച രേഖകൾ നൽകാൻ തയ്യാറാണെന്നും മാധബി ബുച്ച് പ്രതികരിച്ചു.