കെയ്റോ: സുഡാനിലെ യുദ്ധത്തില്‍ നിന്നും ജീവനുംകൊണ്ട് ഓടി ഈജിപ്തിന്റെ മടിയില്‍ അഭയം തേടിയവര്‍ അതിജീവിക്കാന്‍ കഴിയാതെ, തകര്‍ന്ന സുഡാനിലേക്ക് തന്നെ മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.
സുഡാനിലെ അതിക്രൂരമായ യുദ്ധം ലക്ഷക്കണക്കിന് ആളുകളെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചതിന്റെ പത്ത് മാസത്തിന് ശേഷം ജീവിതം എങ്ങും എത്താതെ പോകുന്നവരാണ് പോയ വഴിയേ തിരികെ എത്തുന്നത്. മികച്ച ജീവിതം പ്രതീക്ഷിച്ച് എത്തിയവര്‍ക്ക് ഒന്നും തന്നെ നേടാനായില്ല, വെറും തറയില്‍ തണുപ്പിനെ അതിജീവിച്ച് ഉറങ്ങുന്ന പലരും കയ്യില്‍ പണമില്ലാതെ, തണുപ്പകറ്റാന്‍ പാകത്തിന് വസ്ത്രമില്ലാതെ വലയുന്നു. കൊച്ചു കുട്ടികളടക്കം ജീവിതത്തിന്റെ പ്രതിസന്ധികള്‍ താങ്ങാനാകാതെ വലയുമ്പോള്‍ മടക്കയാത്രയല്ലാതെ ഇവര്‍ക്ക് മറ്റൊന്നും ചിന്തിക്കാനില്ല.
ഏപ്രിലില്‍ സുഡാനീസ് സൈന്യവും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതു മുതല്‍ 450,000-ത്തിലധികം ആളുകള്‍ ഈജിപ്തിലേക്ക് അതിര്‍ത്തി കടന്നതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഒരു തണുത്ത ടൈല്‍ തറയിലാണെങ്കില്‍ പോലും, തല ചായ്ക്കാന്‍ സുരക്ഷിതമായി ഒരിടം കണ്ടെത്തുക എന്നതായിരുന്നു അന്ന് നാടുവിട്ടവരുടെ ലക്ഷ്യം. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും തൊഴിലും ഒരു സുരക്ഷിതമായ പര്‍പ്പിടവും കണ്ടെത്താനായിട്ടില്ല മിക്കവാറും പേര്‍ക്കും.
ഈജിപ്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല, കിച്ചുയരുന്ന പണപ്പെരുപ്പം ഈജിപ്തിനെ ഞെരുക്കുകയാണ്. അക്കൂട്ടത്തില്‍ യുദ്ധത്തില്‍ ക്ഷീണിതരായ സുഡാനികള്‍ എത്തിത്തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.